‘മലമ്പുഴ ജനതാദളിന് കൊടുത്താൽ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല’, ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകർ

0
36

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാവുന്നു. കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും ഇതേ അഭിപ്രായമാണ് ഉയര്‍ത്തിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി അനന്ദ കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇല്ലെങ്കില്‍ യുഡിഎഫ് നേതാക്കളെ മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയ മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാതെ സ്ഥാനാര്‍ത്ഥിയെ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. വി എസ് അച്യൂതാനന്ദന്റെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് വി എസ് ജോയി ആയിരുന്നു.

ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണിന് മലമ്പുഴ കൈമാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മലമ്പുഴ സീറ്റ് തിരിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ജോണ്‍ ജോണ്‍ അറിയിച്ചിട്ടുണ്ട്. എലത്തൂര്‍ സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.