ഇടത്, മതനിരപേക്ഷ ശക്തികളെ വിജയിപ്പിക്കുക: പിബി

0
46

കേരളം, അസം, ബംഗാൾ, തമിഴ്‌നാട്‌, പുതുച്ചേരി നിയമസഭകളിലേക്കും ത്രിപുര സ്വയംഭരണ ജില്ലാ കൗൺസിലിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികളെ ജയിപ്പിക്കാൻ സിപിഐഎം പൊളിറ്റ്‌ബ്യൂറോ ആഹ്വാനംചെയ്‌തു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്ന്‌ ഓൺലൈൻ യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പിബി പറഞ്ഞു.

മോഡിസർക്കാരിന്റെ വിനാശകരമായ കാർഷികനിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിനുള്ള പിന്തുണയും ഐക്യദാർഢ്യവും പിബി ആവർത്തിച്ചു. നാല്‌ മാസത്തെ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട മുന്നൂറോളം കർഷകർക്ക്‌ യോഗം ആദരാഞ്‌ജലി അർപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ അപ്പാടെ സ്വകാര്യവൽക്കരിക്കുന്നതിനും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതിനുമെതിരായി കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ നടത്തുന്ന പോരാട്ടങ്ങൾക്കും പിബി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിശാഖ്‌ ‌ ഉരുക്കുശാലയുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ച്‌ ആന്ധ്രപ്രദേശിൽ നടക്കുന്ന  പ്രക്ഷോഭത്തിന്‌ പിന്തുണ നൽകും. 15നും 16നും ബാങ്ക്‌ ജീവനക്കാർ നടത്തുന്ന പണിമുടക്കിനും 17നു ജനറൽ ഇൻഷ്വറൻസ്‌ കമ്പനികളിലെ യൂണിയനുകൾ നടത്തുന്ന പണിമുടക്കിനും 18നു എൽഐസി ജീവനക്കാരുടെ പണിമുടക്കിനും പിന്തുണ നൽകും.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന ബിജെപി സർക്കാർ നിലപാടിനെ യോഗം അപലപിച്ചു. 15 വരെ പാർലമെന്റ്‌ നിർത്തിവച്ചത്‌ ഈ ചർച്ച ഒഴിവാക്കാനാണ്‌. ഭരണഘടനപ്രകാരം പാർലമെന്റിനോട് സമാധാനം ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഉപേക്ഷിക്കുന്നതിന്‌ ഉദാഹരണമാണിത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ്‌ തീരുവ ഉയർത്തിയ നടപടി പിൻവലിക്കണമെന്നും‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.