രക്ഷിക്കേണ്ടത് കേരളത്തെയോ കോൺഗ്രസ്സിനെയോ …

0
72

കെ വി 

മറ്റു സംസ്ഥാനങ്ങളിലേതിൽനിന്ന് ഏറെയൊന്നും വ്യത്യസ്തരല്ല കേരളത്തിലെ കോൺഗ്രസ്സുകാർ. അവരിൽ നേതാക്കളായാലും ജനപ്രതിനിധികളായാലും ഏതാണ്ട് തുല്യ മനോനിലയുള്ളവരാണ് . പകൽ കോൺഗ്രസ്സിന്റെ ത്രിവർണ ഖാദി മുഖംമൂടി ധരിക്കും ; രാത്രിയായാൽ കൈത്തറി കാവി മാസ്ക്കും. അതായത് കെ സുധാകരനെയും രമേശ് ചെന്നിത്തലയെയുംപോലെ അർധ ഹിന്ദുത്വ മനസ്സുകാരാണ് ചെറുതല്ലാത്തൊരു വിഭാഗം. ഇവർ അവസരമൊപ്പിച്ച് മറുകണ്ടം ചാടി ബി ജെ പി യിൽ ചേക്കേറാൻ മടിക്കാത്തവരാണ്. വി എം സുധീരനെപ്പോലുള്ള ശുദ്ധരായ മതനിരപേക്ഷവാദികളാണ് മറ്റൊരു കൂട്ടർ. അവരാകട്ടെ സംഘടനയ്ക്കുള്ളിലെ ചേരിപ്പോരിലും ജനാധിപത്യ നിഷേധത്തിലും മനംമടുത്ത് പി സി ചാക്കോയ്ക്ക് പിന്നാലെയോ എന്ന് തോന്നിക്കുംവിധം ഇടഞ്ഞുനിൽക്കുന്നു.. ഈ രണ്ടുപക്ഷത്തിനും നടുവിലാണ് , എന്തായാലും ഭരണമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന ഉമ്മൻ ചാണ്ടി – മുല്ലപ്പള്ളിമാർ. ഇത്തരമൊരു നിർഗുണനയത്തിൽ ഉഴലുന്ന കോൺഗ്രസ്സിനെ രക്ഷിക്കാൻ എന്താണൊരു പോംവഴി… മൗദൂദിസ്റ്റുകളും മറ്റു ചില “നിഷ്പക്ഷ ബുദ്ധിജീവി ” കളും നിർദേശിക്കുന്ന ഒറ്റമൂലിയൊന്ന് പരീക്ഷിച്ചാലോ – തനത് ദൗർബല്യങ്ങളെല്ലാം മറന്ന് കോൺഗ്രസ്സിനെ മാലോകർ അധികാരത്തിലേറ്റിയാൽ എല്ലാ കുഴപ്പവും തീരുമെന്നാണല്ലോ അവരുടെ കണ്ടുപിടുത്തം…! നാടെത്ര അധോഗതിയിലേക്ക് നീങ്ങിയാലും കോൺഗ്രസ്സിനെ പിന്തുണയ്ക്കണമത്രെ…! ഇതെന്തൊരു വിചിത്ര രാഷ്ട്രീയ നിലപാടാണ്… ആർക്കാണിവർ രക്ഷാകവചം തീർക്കുന്നത് – കേരളത്തിലെ ജനങ്ങൾക്കോ, സ്വയം കാവിപൂശാൻ തക്കം പാർത്തുനിൽക്കുന്ന കോൺഗ്രസ്സിനോ ?
യു ഡി എഫിനെ എങ്ങനെയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന തല്പരകക്ഷികളുടെ ആഗ്രഹത്തിൽ തെറ്റില്ല. പക്ഷേ, അതെങ്ങനെയാണ് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കലാവുന്നത്… കോൺഗ്രസ്സിന് തനിച്ചുതന്നെ ഭൂരിപക്ഷം കിട്ടിയാലും അവർ ഭരിക്കുമെന്താണുറപ്പ് … നമ്മുടെ അയലത്തെ കർണാടകത്തിലും പുതുച്ചേരിയിലും ഗോവയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കായിരുന്നു കൂടുതൽ സീറ്റുകൾ, കോൺഗ്രസ്സിനല്ലേ ? എന്നിട്ടും കർണാടകത്തിലും ഗോവയിലും മന്ത്രിസഭയുണ്ടാക്കിയത് ബി ജെ പി യാണ്. പുതുച്ചേരിയിൽ ഒറ്റ സീറ്റുമില്ലാതിരുന്നിട്ടും ബി ജെ പിക്ക് കോൺഗ്രസ് സർക്കാരിനെ മറിച്ചിടാനുമായില്ലേ … മദ്ധ്യപ്രദേശ്, മണിപ്പൂർ , മേഘാലയ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലും ഇതേ അനുഭവമായിരുന്നല്ലോ. രാജസ്ഥാനിലും കോൺഗ്രസ് മന്ത്രിസഭ നിലംപൊത്തലിന്റെ വക്കിലെത്തിയിരുന്നു.
പണത്തിന്റെ സ്വാധീനത്തിലും പദവികളുടെ പ്രലോഭനത്തിലും വഴങ്ങാത്ത കോൺഗ്രസ് നേതാക്കൾ നന്നേ കുറവാണ്. അതിനൊപ്പം അല്പം സംഘപരിവാർ അനുഭാവംകൂടി ഉണ്ടായാൽ സംഗതി എളുപ്പം. അതിന്റെ കൃത്യമായ തെളിവുകൾ നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനകം പല സംസ്ഥാനങ്ങളിൽനിന്നായി 170 കോൺഗ്രസ് എം എൽ എ മാരാണ് കൂറുമാറി ബി ജെ പിയിലേക്ക് പോയത്. മറ്റൊരു പാർട്ടിയിൽനിന്നും ഇങ്ങനെ കൂട്ടപ്പലായനം ഉണ്ടായിട്ടില്ല. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ( എ ഡി ആർ ) ഇത്തരം കാലുമാറ്റത്തിന്റെ വിശദമായ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 മുതൽ 20 വരെയുള്ള വിവരമാണ് എ ഡി ആർ ശേഖരിച്ചത്. ഈ വർഷങ്ങളിൽ ബി ജെ പി യിൽനിന്ന് രാജിവെച്ചത് 18 എം എൽ എമാരാണ്. സി പി ഐ എമ്മിൽനിന്ന് ജനപ്രതിനിധികളായ അഞ്ചു പേരും സി പി ഐ യിൽനിന്ന് ഒരാളുമേ വിട്ടുപോയിട്ടുള്ളൂ.
എം എൽ എമാരെ ചാക്കിലാക്കി സംസ്ഥാനഭരണം പിടിക്കലും അട്ടിമറിക്കലും ബി ജെ പി സുസാധ്യമാക്കിയത് വൻതോതിൽ പണം ഒഴുക്കിയാണ്. കേന്ദ്രവാഴ്ചയുടെ പിൻബലത്തിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ വർഷംതോറും സമാഹരിക്കുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം 2319 കോടി രൂപ വൻകിട കുത്തക സ്ഥാപനങ്ങളിൽനിന്ന് ബി ജെ പി വാങ്ങിയിട്ടുണ്ട്. ഏഴ് വർഷത്തിനുള്ളിൽ സ്വീകരിച്ച ഈ ഇലക്ടറൽ ബോണ്ടിന്റെ കണക്കും എ ഡി ആർ വെളിപ്പെടുത്തിയതാണ്.കോർപ്പറേറ്റുകളിൽനിന്ന് ഈ കാലയളവിൽ ദേശീയ രാഷ്ട്രീയകക്ഷികൾക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 82 ശതമാനമാണിത്. മുമ്പൊരു പ്രധാനമന്ത്രിയുടെ കാലത്തും ഇത്രയും ഭീമമായ ഫണ്ട് കേന്ദ്രം ഭരിച്ച ഒരു കക്ഷിയും കൈപ്പറ്റിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന വകയിൽ ബഹുരാഷ്ട്ര കമ്പനികളിൽനിന്ന് കോഴയായും പി എം കെയേഴ്സ് ഫണ്ട് മുഖേനയും മറ്റും സ്വരൂപിക്കുന്ന പണം ഇതിനുപുറമെയാണ്.
കർണാടകത്തിലും ഗോവയിലും കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലേ ചില കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഇടനിലക്കാർ മുഖേന ബി ജെ പി മുൻകൂർ ഫണ്ട് നൽകിയിരുന്നു. ജയിച്ച ഉടൻതന്നെയായിരുന്നു രണ്ടിടത്തുമായി 23 എം എൽ എമാർ കൂറുമാറി അപ്പുറമെത്തിയത്. പുതുച്ചേരിയിൽ കോൺഗ്രസ്സിന്റെ വി നാരായണസ്വാമി മന്ത്രിസഭയെ വീഴ്ത്തിയിട്ട് ഒരു മാസമായിട്ടേയുള്ളൂ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായിരുന്ന എ നമശിവായമടക്കം കൂറുമാറിയവരിൽ പെടും. മാത്രമല്ല, അദ്ദേഹമാണ് അടുത്ത മാസം അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തെ നയിക്കുന്നതും. രാഷ്ട്രീയ സത്യസന്ധതയും വിശ്വാസ്യതയും തെല്ലുമില്ലാത്തവരാണ് കോൺഗ്രസ്സിൽ ഏത് സ്ഥാനത്തിരിക്കുന്നവരും എന്നതിന് ഇതിൽപ്പരമെന്ത് തെളിവ് വേണം…
കേരളത്തിൽ തങ്ങളുടെ 35 സ്ഥാനാർത്ഥികൾ ജയിച്ചാൽ ഭരണം പിടിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവർത്തിക്കുകയാണ്. കാവിച്ചുവയുളള കോൺഗ്രസ്സുകാരെ വലയിലാക്കാമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്. കെ സുധാകരനെപ്പോലുള്ളവർ അതിന് അച്ചാരം വാങ്ങിയിട്ടുമുണ്ടാകും. കെ പി സി സി ജനറൽ സെക്രട്ടറി വിജയൻ തോമസിന്റെ ചാട്ടം ഒരു സൂചനയാണ്.
സ്വന്തം പാർട്ടിയോടുതന്നെയല്ല, ജനങ്ങളോടും കൂറോ കടപ്പാടോ പുലർത്താത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ അധികവും . ജീവിതക്ലേശങ്ങൾകൊണ്ട് ആളുകൾ പൊറുതിമുട്ടിയ പ്രളയത്തിന്റെയും കോവിഡ് ലോക്കൗട്ടിന്റെയും നാളുകളിൽവരെ നന്ദികെട്ട സമീപനമായിരുന്നു അവരുടേത്. നിരുത്തരവാദിത്വത്തിന്റെ അതിരുവിട്ട ചെയ്തികൾ മലയാളികൾ ഒരിക്കലും ക്ഷമിക്കില്ല. എല്ലാ കക്ഷികളും ഒരുമിച്ചുനിന്ന് നേരിടേണ്ട പ്രതിസന്ധികളിൽപോലും രാഷ്ട്രീയ മുതലെടുപ്പുമാത്രം ലക്ഷ്യമാക്കി ഉറഞ്ഞുതുള്ളുകയായിരുന്നു യു ഡി എഫ് – ബി ജെ പി നേതാക്കൾ . അന്നാഹാരം കഴിക്കുന്നവർക്കെല്ലാം തിരിച്ചറിയാവുന്നതായിരുന്നു അവരുടെ നിസ്സംഗത .
കടുത്ത സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പട്ടിണിയെ പടിയകറ്റി നിർത്തിയ ജനക്ഷേമ ഭരണമാണ് എൽ ഡി എഫിന്റേത്. അടിസ്ഥാന വികസന മേഖലയിലും അഭിമാനകരമായ അഭിവൃദ്ധി ഈ സർക്കാർ കൈവരിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്തെ സേവന മികവിനുൾപ്പെടെ ഒട്ടേറെ ദേശീയ ബഹുമതികൾ അഞ്ചു കൊല്ലംകൊണ്ട് നാം നേടി. ലോകത്തെയാകെ വിറങ്ങലിപ്പിച്ച മഹാമാരിയെ ചെറുക്കുന്നതിൽ നമ്മുടെ സംസ്ഥാനം കാണിച്ച ജാഗ്രത അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയതാണ്. ആരെത്ര ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചാലും സ്വന്തം അനുഭവങ്ങൾ നോക്കിയാണ് ഭരണമേന്മ സാധാരണക്കാർ വിലയിരുത്തുക. കൊടിയ ദുരിതങ്ങളിൽ തങ്ങൾക്ക് പരമാവധി ആശ്വാസമെത്തിച്ച പിണറായി വിജയൻ സർക്കാറിനെ അവർ നന്ദിയോടെ ഓർക്കും . തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിൽ അതാണ് വ്യക്തമായത്. കിടയറ്റ ഈ ജനകീയ പിന്തുണയാണ് ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്കുള്ള ഉറപ്പ്. വർഗീയ ധ്രുവീകരണ ശ്രമങ്ങളെ തകർത്ത് നാട്ടിൽ മതമൈത്രി ഉറപ്പാക്കാനും എൽ ഡി എഫിനേ കഴിയൂ.