റെക്കോർഡിട്ട് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ

0
38

വർഷങ്ങളായി പരിഹരിക്കാനാകാതെ ഫയലുകളിൽ കുരുങ്ങിക്കിടന്ന പ്രശ്‌നങ്ങൾക്കാണ്‌ ഒറ്റക്ലിക്കിൽ തീർപ്പായത്‌. മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും ഓഫീസും സംസ്ഥാനത്തെ 12,000 സർക്കാർ ഓഫീസും ഒറ്റക്ലിക്കിൽ വിരൽത്തുമ്പിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഇതുവരെ തീർപ്പാക്കിയത്‌ 2,73,662 പരാതികൾ.

ബുധനാഴ്‌ചവരെ 3,39,917 പരാതികൾ‌ ലഭിച്ചു‌. ഇതിൽ 2,73,662 പരാതികൾ തീർപ്പാക്കി. 47,532 പരാതികൾ വിവിധ ഘട്ടങ്ങളിലാണ്‌. ക്യാമ്പയ്‌ൻ, ഭീമഹർജി പോലുള്ള ചില പരാതികൾ മാത്രമാണ്‌ സ്വീകരിക്കാത്തത്‌. അതിന്റെ കാരണവും പരാതി നൽകിയവരെ അറിയിക്കും. കോടതി വ്യവഹാരംപോലെ നിയമപരമായ ചില പ്രശ്‌നങ്ങൾ ഉള്ള പരാതികളും തീർപ്പാക്കുന്നതിൽ സ്വാഭാവികമായ കാലതാമസം നേരിടും. ബാക്കി എല്ലാ പരാതികളും ശരാശരി 21 ദിവസംകൊണ്ടാണ്‌ തീർപ്പാക്കുന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശപ്രകാരം പരാതികൾ പരിഹരിക്കാനായി ഏകീകൃതവും സുതാര്യവുമായ ഹൈടെക്‌ സംവിധാനം ‘സിഎംഒ പോർടൽ’ കൊണ്ടുവന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ, കാൾ സെന്റർ, സുതാര്യ കേരളം എന്നിവയെ ഒറ്റ കുടക്കീഴിലാക്കി. പ്രത്യേക സോഫ്‌റ്റ്‌വെയർവഴി സിഎംഒ പോർടലിനെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഓഫീസുകൾ ഇതിന്റെ ഭാഗമായി. സെക്രട്ടറിയറ്റിലെ 500 സെക്‌ഷനും ഈ പോർടലിൽ കണ്ണിയായി. വിവിധ  ഓഫീസുകളിലെ ഇ ഓഫീസ്‌ സംവിധാനം, പൊലീസിന്റെ അയാപ്‌സ്‌ എന്നിവയും ബന്ധിപ്പിച്ചു. പ്രധാനമന്ത്രി, രാഷ്‌ട്രപതി, കേന്ദ്രമന്ത്രിമാർ എന്നിവർക്ക്‌ ലഭിക്കുന്ന കേരളവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ കേന്ദ്ര പോർടലായ സി പി (സെൻട്രലൈസ്‌ഡ്‌ പെറ്റീഷൻ) യുമായും സിഎംഒ പോർട്ടലിനെ ബന്ധിപ്പിച്ചു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്രയും വിപുലമായ പരാതി പരിഹാര സംവിധാനം.

പരാതികൾ എവിടെനിന്നും; സ്ഥിതി അറിയാൻ
എസ്‌എംഎസ്‌ 

ലോകത്തിന്റെ ഏത്‌ ഭാഗത്തു‌നിന്നും ഒറ്റക്ലിക്കിൽ cmo.kerala.gov.in എന്ന പോർടലിൽ പരാതി നൽകാം.  പരാതി ഞൊടിയിടയിൽ അതത്‌ ഓഫീസുകൾക്ക്‌ ലഭിക്കും. ഇവയുടെ പുരോഗതിയും പരാതിക്കാരന്‌ എസ്‌എംഎസായി മൊബൈൽഫോണിൽ ലഭിക്കും. പരാതി നൽകുന്നതോടെ ടോക്കൺ നമ്പർ ലഭിക്കും.

ഈ നമ്പരും മൊബൈൽ ഫോൺ നമ്പരും ഉപയോഗിച്ച്‌ പരാതിയുടെ ‘സ്‌റ്റാറ്റസ്‌’ പോർടലിൽ അറിയാം. 18004257211 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ചാലും വിവരമറിയാം. നേരിട്ട്‌ പരാതി നൽകാനാകാത്തവർക്ക്‌ അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതി നൽകാം.