എൽഡിഎഫ് ഉറപ്പാണ്, നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം: എ വിജയരാഘവൻ

0
29

എൽഡിഎഫിന്റെ തുടർഭരണമാണ്‌ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ വിജയരാഘവൻ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്ത്‌ പിടിച്ച സർക്കാരാണ്‌ എൽഡിഎഫിന്റേത്‌. അഞ്ച്‌ വർഷക്കാലം ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തി. നാടിന്റെ സമാധാന അന്തരീക്ഷം നഷ്‌ടപ്പെടാതെ, ബിജെപി കോൺഗ്രസ്‌ രാഷ്‌ട്രീയങ്ങൾക്കെതിരായ ബദൽ നയമാണ്‌ എൽഡിഎഫ്‌ നടപ്പിലാക്കിയത്‌. സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

പൊതുമേഖലയെ ശക്തിപ്പെടുത്തി, വിലക്കയറ്റം തടഞ്ഞു, റേഷൻകടകൾ വഴി അവശ്യസാധനങ്ങൾ മുടക്കമില്ലാതെ വിതരണം ചെയ്‌തു. അസാധ്യമെന്ന്‌ അരുതി നടപ്പാക്കാതിരുന്ന പദ്ധതികൾ കേരളം അഞ്ച്‌ വർഷം നല്ല നിലയിൽ നടപ്പാക്കി. കോഴ കൊടുക്കാതെ കാര്യങ്ങൾ നടക്കുന്ന സ്ഥിതി കേരളത്തിൽ ഉണ്ടായി. ലൈഫ്‌ പദ്ധത വഴി രണ്ടര ലക്ഷം വീടുകൾ നൽകാനായി. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ്‌ ഇടതുപക്ഷം മുന്നോട്ട്‌ വയ്‌ക്കുക.

ഇടതുപക്ഷ തുടർഭരണം വരവതിരിക്കാനുള്ള കുൽസിത പ്രവർത്തനങ്ങൾക്ക്‌ ബിജെപിയും കേൺഗ്രസും ശ്രമിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരുടെ കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്താൻ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തുകയാണ്‌. അമിത ഷായുടെ തിരുവനന്തപുരം പ്രസംഗം അതിന്‌ അടിവരയിടുന്നു. സ്വർണക്കടത്ത്‌ കേസിൽ പ്രതിയായ വനിതയെ കസ്‌റ്റഡിയിൽ പീഡിപ്പിച്ചതും, മാപ്പ്‌സാക്ഷിയാക്കാമെന്ന്‌ പറഞ്ഞതും പുറത്തുവന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ ഭീഷണിപ്പെടുത്തിയെന്നത്‌ പൊലീസ്‌ ഉദ്യോഗസ്ഥ തന്നെ മൊഴിനൽകി.

എൽഡിഎഫ്‌ തുടർഭരണം തടയാമെന്നത്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണ്‌. അവർ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടും. ബിജെപിക്ക്‌ ആകെയുള്ള ഒരു സീറ്റും നഷ്‌ടപ്പെടും. സാമൂഹ്യമൈത്രി ആഗ്രഹിക്കുന്ന ജനങ്ങൾ എൽഡിഎഫിനൊപ്പമായിരിക്കും.

നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മികച്ച രീതിയിൽ സഹകരിച്ച് സീറ്റ് വിഭജനം പൂ‍ർത്തിയാക്കിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അവർക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാൽ മറ്റ് ഘടകകക്ഷികൾക്ക് സീറ്റ് നഷ്ട‌പ്പെടുത്തേണ്ടിയും വിട്ടുവീഴ്‌ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകൾ ഉൾപ്പടെ ഏഴ് സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കായി സിപിഐ എം വിട്ടു നൽകി. പൊതുവിൽ സീറ്റ് വിഭജനം നല്ല രീതിയിലാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.

പാർലമെന്‍ററി പ്രവർത്തനവും സംഘടനാപ്രവർത്തനവും പ്രധാനമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിർത്തുന്നത് ഒഴിവാക്കലല്ല, പുതിയവർക്ക് അവസരം നൽകലാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും.

വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എം എം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സ് പ്രായമുള്ള- 13 പേർ, 50-60- ന് മേൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 12 സ്വതന്ത്രരും മത്സരിക്കുന്നു.