പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സതാംപ്ടണില്‍ വെച്ചാകും നടക്കുകയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കോവിഡ് പശ്ചാത്തലത്തില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൌരവ് ഗാംഗുലിയുടെ പ്രതികരണം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി ആദ്യം നിശ്ചയിച്ചിരുന്നത് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ വെച്ചായിരുന്നു. എന്നാല്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് വേദി മാറ്റാന്‍ ഐസിസി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂണ്‍ 18നാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം.
‘ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ സതാംപ്ടണിലാണ് എന്ന് ഏറെ മുമ്പുതന്നെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് ലോക്ക് ഡൗണിന് ശേഷം മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ കളികള്‍ക്ക് വേദിയായത് സതാംപ്ടണാണ്. ക്വാറന്‍റൈന്‍ സൌകര്യങ്ങളും ഹോട്ടലുകളും എല്ലാം അടുത്തുണ്ട് എന്ന ഘടകവും സതാംപ്ടണെ കൂടുതല്‍ സ്വീകാര്യമാക്കുന്നു’, ഗാംഗുലി പറഞ്ഞു.
വേദി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ബോര്‍ഡിനോടും അവരുടെ മെഡിക്കല്‍ ടീമിനോടും ഐസിസി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ബയോബബ്ള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ ടീമിന്‍റെയടക്കം സഹായം ആവശ്യപ്പെട്ടത്.
അതേസമയം ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബെര്‍ത്ത് കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉറപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് നേടുന്നത്. 17 മത്സരങ്ങളില്‍ നിന്നായി 12 ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് രണ്ടാമതും. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 24 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. അക്സര്‍ പട്ടേലിന്‍റെയും രവിചന്ദ്ര അശ്വിന്‍റെയും അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആസ്ട്രേലിയയിലുള്‍പ്പെടെ പരമ്പര വിജയം നേടിയ ഇന്ത്യയെ ഫൈനലില്‍ തളക്കുക എന്നത് ന്യൂസിലാന്‍ഡിന് സംബന്ധിച്ച് വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.