വെൽഫയർ പാർട്ടി – യുഡിഎഫ് രഹസ്യബാന്ധവം തുടരുന്നു; ആദരവ് അറിയിച്ച് മുസ്ലീം ലീ​ഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങൾ

0
168

വെൽഫയർ പാർട്ടിയുമായി സഖ്യമില്ലെന്ന് യുഡിഎഫ് പുറത്ത് പ്രഖ്യാപിക്കുമ്പോഴും പാർട്ടിയും മുന്നണിയും തമ്മിലുള്ള അന്തർധാര സജീവമാണ്. പരസ്യമായ ബാന്ധവം മതേതര വോട്ടുകൾ നഷ്ടമാക്കുമെന്ന് ഭയന്നാണ് പുതിയ അടവുനയത്തിലേക്ക് യുഡിഎഫ് ചുവടുവയ്ക്കുന്നത്. ഇതിന്റെ തെളിവെന്നോണമാണ് മുസ്ലീം ലീ​ഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് നടത്തിയ സൗഹൃദ സന്ദേശ യാത്രയിൽ വെൽഫയർ പാർട്ടി നേതാക്കളെയും അണികളെയും പ്രത്യേകം വിളിച്ച് ആദരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും സമാന രീതിയാണ് യുഡിഎഫ് സ്വീകരിച്ചിരുന്നത്. വെൽഫയർ പാർട്ടിയുമായി ബന്ധമില്ലെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യപിക്കുമ്പോഴും അടിത്തട്ടിൽ അഡ്ജെസ്റ്റ്മെന്റുകൾ നടന്നതിന് തെരഞ്ഞെടുപ്പ് ഫലം തന്നെ തെളിവാണ്.

മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിൽ 17-ാം വാർഡ് മെമ്പർ ഉമ്മുഹബീബ വർഷങ്ങളായി വെൽഫയർ പാർട്ടി പ്രവർത്തകയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ ഇവർ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കോൺ​ഗ്രസിന്റെയും ലീ​ഗിന്റെയും വോട്ടുകൾ നേടിയാണ് വെൽഫയർ പാർട്ടി പ്രവർത്തക വാർഡ് മെമ്പറാകുന്നത്. ഇതേ നന്നമ്പ്ര പഞ്ചായത്തിലെ തന്നെ തെയ്യാലയിൽ വെച്ച് സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്ത് പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നിരുന്നു. മലപ്പുറം ജില്ലയിൽ സാദിഖലി നടത്തിയ സൗഹൃദ സന്ദേശ യാത്രക്കിടയിലാണ് തെരഞ്ഞെടുപ്പിലെ സഹകരണം ഇനിയും തുടരുന്നത് ലക്ഷ്യമിട്ട് രഹസ്യമായി ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുമായി കൂടിക്കാഴ്ചയും നടന്നതായി സൂചനയുണ്ട്. പ്രദേശത്തെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

നിയസഭ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി ഒറ്റക്ക് സ്ഥാനാർത്ഥിയെ നിർത്തും എന്ന് പറയുമ്പോഴും യുഡിഎഫ് നേതാകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്. പരസ്യ പ്രഖ്യാപനങ്ങൾക്കപ്പുറത്ത് താഴെത്തട്ടിൽ യുഡിഎഫ് വെൽഫയർ ബന്ധം പൂർവാധികം ശക്തമായി തുടരുകയാണ്.