സഡന്‍ ഡെത്തില്‍ ഗോവയെ തക‍ര്‍ത്തു മുംബൈ ഐഎസ്എല്‍ ഫൈനലില്‍

0
81

നിശ്ചിത സമയത്തും അധിക സമയത്തും ആരുമാരും ഗോളടിക്കാത്ത കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ഐഎസ്എല്‍ ഫൈനലില്‍. സഡന്‍ ഡെത്ത് വരെയെത്തിയ മത്സരത്തില്‍ 6-5നാണ് മുബൈ ഗോവയെ തകര്‍ത്തത്. ആദ്യപാദ സെമിയില്‍ 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുബൈയുടെ എതിരാളികള്‍.

ബാംബോലിമിലെ ജിസിസി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പാദ സെമി മത്സരത്തില്‍ എവേ ഗോള്‍ നിയമം ബാധകമല്ലാതതിനാല്‍ ഒരു ടീമെങ്കിലും ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ഗോവയുടെ പന്തടക്കവും പാസിങ്ങും മികച്ചതായിരുന്നുവെങ്കിലും അത് മുബൈയുടെ പ്രതിരോധകോട്ട പൊളിക്കാന്‍ പ്രാപ്തമായിരുന്നില്ല.

ഷൂട്ടൗട്ടില്‍ ഗോവയ്ക്കു വേണ്ടി ആദ്യ രണ്ടു കിക്കെടുത്ത എഡു ബെഡിയയുടെയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെയും കിക്ക് പാഴായത് മുബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുബൈയുടെ ഫെര്‍നന്‍ സന്‍റാനയും യൂഗോ ബൗമയ്ക്കും പിഴച്ചതോടെ കളി ആവേശഭരിതമായി.

മുബൈയുടെ അഞ്ചാം കിക്ക് അഹ്‍മദ് ജഹൗയും ഗോവയുടെ അ‍ഞ്ചാം കിക്ക് ജയിംസ് ദൊനാച്ചിയും പാഴാക്കിയതോടെ കളി സഡന്‍ ഡെത്തിലേക്ക് നീണ്ടു. പിന്നീടുള്ള മൂന്ന് കിക്കും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ ഗോവയ്ക്കു വേണ്ടി ഒമ്പതാം കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന് പിഴച്ചു. മുബൈയ്ക്ക് വേണ്ടി കിക്കെടുത്ത റൗളിന്‍ ബോര്‍ജസ് കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.