ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ലോർഡ്‌സ് വേദിയാകില്ല

0
28

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായി ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഫൈനൽ വേദി ലോർഡ്സിൽ നിന്ന് മാറ്റുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ സാധ്യത സതാംപ്ടണിലെ റോൾ ബോൾ സ്റ്റേഡിയത്തിനാണ്. വിഷയത്തിൽ ഐസിസി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സതാംപ്ടൺ സ്റ്റേഡിയത്തിലെ സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും വളരെ മികച്ചതാണെന്ന് ഐസിസി പറയുന്നു. സതാംപ്ടണിനോട് ചേർത്ത് നിർമ്മിച്ചിരിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടൽ താരങ്ങൾക്ക് താമസ സൗകര്യവും ഐസൊലേഷൻ സൗകര്യവും ഒരുക്കാൻ സഹായിക്കും. കൊവിഡിനിടെ വിൻഡീസിനെതിരെയും പാകിസ്താനെതിരെയുമുള്ള ഇംഗ്ലണ്ടിൻ്റെ മത്സരങ്ങൾ മുഴുവൻ നടന്നത് സതാംപ്ടണിലാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡുമാണ് ഏറ്റുമുട്ടുക. ജൂൺ 18നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതുമാണ്.