അങ്കണവാടി കുഞ്ഞുങ്ങളേയും പട്ടിണിക്കിടാൻ കേന്ദ്രം, അരിയും ഗോതമ്പും നിഷേധിക്കുന്നു

0
71

കേന്ദ്രം റേഷൻ സാധന ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുന്നതിന് പിന്നാലെ അങ്കണവാടി കുഞ്ഞുങ്ങളേയും പട്ടിണിക്കിടാൻ ഒരുങ്ങുന്നു. അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ജനുവരി മുതൽ മാർച്ച്‌ വരെയുള്ള അരിയും ഗോതമ്പും വിഹിതം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ നൽകിയിട്ടില്ല.

മൂന്നുവയസ്സ്‌‌ മുതൽ ആറ്‌‌ വരെയുള്ള കുട്ടികൾക്ക്‌ അരിയും ആറ് മാസം‌ മുതൽ മൂന്ന്‌ വയസ്സ്‌‌ വരെയുള്ളവർക്ക്‌ ന്യൂട്രിമിക്‌സ്‌ തയ്യാറാക്കാൻ ഗോതമ്പുമാണ്‌ ഫുഡ്‌കോർപറേഷൻ ഇന്ത്യ (എഫ്‌സിഐ) മുഖേന അനുവദിച്ചിരുന്നത്‌.

ജനുവരി മുതൽ മാർച്ച്‌ വരെയുള്ള നാലാം പാദ വിഹിതത്തിനായി സംസ്ഥാനങ്ങൾ അഭ്യർഥിച്ചിട്ടും കേന്ദ്രം അനങ്ങിയിട്ടില്ല. 2000 ടൺ ഗോതമ്പും 1800 ‌ടൺ അരിയുമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. സപ്ലിമെന്ററി ന്യൂട്രീഷൻ ഫണ്ടിൽ നിന്നാണ്‌ ഇതിനുള്ള പണം ചെലവഴിക്കുന്നത്‌.

കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതമാണ്‌ തുക വകയിരുത്തുന്നത്‌. നിശ്ചിത സമയത്ത്‌ തന്നെ സംസ്ഥാനത്തിനാവശ്യമായ അരിയുടെയും ഗോതമ്പിന്റേയും അളവ്‌, പണം ഉൾപ്പെടെയുള്ള വിവരം കൈമാറിയിട്ടും കേന്ദ്രം തുടർനടപടി സ്വീകരിച്ചില്ല.

കേന്ദ്രം നിഷേധാത്മക നിലപാട്‌ സ്വീകരിച്ചതോടെ കുഞ്ഞുങ്ങൾക്കുള്ള അരി, ഗോതമ്പ്‌ വിതരണത്തിൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. കോവിഡ്‌ കാലത്ത്‌ അരിയും ഗോതമ്പും അങ്കണവാടി പ്രവർത്തകർ വഴി കേരളം കുട്ടികളുടെ വീട്ടിൽ എത്തിച്ചിരുന്നു.

നിലവിൽ വിതരണം മുടങ്ങാതിരിക്കാൻ ബദൽ ക്രമീകരണം സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ്‌ ജില്ലാവനിതാ ശിശുവികസന ഓഫീസർമാർക്ക്‌ നിർദേശം നൽകി. അരിവിതരണം തടസ്സപ്പെടാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കണം. സ്ഥാപനങ്ങളുടെ വിഹിതം ഉയർത്തി വിതരണ സാധ്യത പരിശോധിക്കണം.

തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ലഭിച്ചാൽ ഗോതമ്പിന്‌ പകരം പോഷക സമൃദ്ധമായ ഭക്ഷണം നൽകണം. നിലവിലുള്ള ഗോതമ്പ്‌ തീരുന്നത്‌ വരെ ന്യൂട്രിമിക്‌സ്‌ തയ്യാറാക്കണം. രാജ്യത്ത്‌ റേഷൻ സംവിധാനത്തിൽനിന്ന്‌ പത്ത്‌ കോടി പേരെ ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്‌ കേന്ദ്രം.