മുംബൈ നാടകവേദിയിലെ നിരവധി സ്റ്റേജുകളിലൂടെ സുപരിചിതയായ അഭിനേത്രിയാണ് സുമാ മുകുന്ദൻ. ഏകദേശം എഴുപത്തി അഞ്ചോളം നാടകങ്ങളിൽ അഞ്ഞൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചിട്ടുള്ള സുമ മുകുന്ദൻ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആദ്യം മുതലാണ് പ്രതിഭ തീയേറ്റേഴ്സ് കൂടാതെ നിരവധി മലയാളി സമാജങ്ങളുടെ വേദികളിലൂടെ സുമ മുകുന്ദൻ തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഹാസ്യവും കാരക്ടർ റോളുകളും ഒരു പോലെ വഴങ്ങിയിരുന്ന സുമയെ തേടിയെത്തിയിരുന്നത് വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരുന്നു.
ഇപ്പോഴിതാ കോവിഡ് കാലത്ത് നാടാകെ അടച്ചിരിക്കുമ്പോൾ സുമ മുകുന്ദനെ തേടിയെത്തിയത് സ്വപ്ന തുല്യമായ അവസരമാണ്. ബോളിവുഡിൽ ചിത്രീകരണം പൂർത്തിയായ ഷേർണി എന്ന ചിത്രത്തിലാണ് സുമാ മുകുന്ദൻ അഭിനയിച്ചത് . നായികയായ വിദ്യാ ബാലന്റെ അമ്മയായാണ് വേഷമിടുന്നതെന്നും ഒരു അഭിനേത്രിയെന്ന നിലയിൽ കിട്ടിയ വലിയ അംഗീകാരമാണ് ഈ റോളെന്നും സുമാ മുകുന്ദൻ സന്തോഷം പങ്കു വച്ചു.
കേരളത്തിൽ നിന്നുള്ള കാസ്റ്റിംഗ് ഏജൻസിയാണ് ഓഫറുമായി തന്നെ ബന്ധപ്പെട്ടതെന്ന് സുമ മുകുന്ദൻ പറഞ്ഞു. ചിത്രത്തിൽ മലയാളിയായ നായികയുടെ അമ്മയായി അഭിനയിക്കാൻ മലയാളവും ഹിന്ദിയും സംസാരിക്കുന്ന നടിയെ തേടിയുള്ള അന്വേഷണമാണ് യാദൃശ്ചികമായി തന്നിലേക്കെത്തിയതെന്ന് സുമ മുകുന്ദൻ പറഞ്ഞു.
സിനിമാഭിനയം ഇത്രയും എളുപ്പമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് തന്റെ ആദ്യ സിനിമാനുഭവം പങ്കു വച്ച് സുമാ മുകുന്ദൻ പറഞ്ഞത്. ഓരോ സീനും അഭിനയിച്ചു ഫലിപ്പിക്കാൻ പൂർണമായ സ്വാതന്ത്ര്യം തന്നിരുന്നു. വളരെ സഹകരണവും പ്രോത്സാഹനവുമാണ് അണിയറ പ്രവർത്തകരും വിദ്യയുമെല്ലാം തനിക്ക് നൽകിയതെന്നും ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി എന്നും മനസ്സിൽ സൂക്ഷിക്കുമെന്നും സുമ പറയുന്നു.
മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ വന മേഖലയിലായിരുന്നു സിനിമയുടെ ജോലികൾ നടന്നത്. നിലവിലെ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു ലൊക്കേഷനിലെ ചിത്രീകരണങ്ങൾ പൂർത്തിയാക്കിയതെന്നും സുമ മുകുന്ദൻ പറഞ്ഞു. ദീപാവലിയോടെ ചിത്രം തീയേറ്ററുകളിലെത്തും.
Recent Comments