കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

0
21

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്നുള്ള യാത്രികര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനാവൂ.

ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു വാഹനങ്ങളില്‍ എത്തുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് ഈ നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും.

കര്‍ണാടകവും കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും അടയ്ക്കുമ്പോഴും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വ്യാഴാഴ്ച മുതലേ ഇത് കര്‍ശനമാക്കൂ.

ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

തിങ്കളാഴ്ചമുതല്‍ കര്‍ണാടകം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാല്‍സൂര്‍ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവില്‍ കാസര്‍കോട് ജില്ലയില്‍നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. തിങ്കളാഴ്ച ഈറോഡുകളില്‍ ചെക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകള്‍ അടയ്ക്കുകയുംചെയ്തു.