സംസ്ഥാനത്ത് മദ്യവില കുറഞ്ഞേക്കും

0
93

സംസ്ഥാനത്ത് മദ്യവില കുറയാന്‍ വഴിയൊരുങ്ങുന്നു. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. കൊവിഡ് കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് മെയ് മാസത്തില്‍ മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടി. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയര്‍ത്തിയത്.

ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അടിസ്ഥാന നിരക്കില്‍ 7 ശതമാനം വര്‍ദ്ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഫെബ്രുവരി 1 മുതല്‍ മദ്യ വില വീണ്ടും കൂടി. പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെ വര്‍ദ്ധനയുണ്ടായി. ബാറുകളില്‍ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കുകയും ചെയ്തു.

മദ്യവില വര്‍ദ്ധന ബാറുകളിലേയും ബെവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകലിലെ വില്‍പ്പനയേയും ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ളനീക്കം.അടുത്ത മന്ത്രിസഭായോഗത്തില്‍ അധിക നികുതി കുറക്കുന്നതില്‍ തീരുമാനമുണ്ടായേക്കും.