രാഹുലിന്റെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിനേപ്പോലെയെന്ന് സിപിഐഎം

0
51

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപിഐഎം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബി.ജെ.പിയ്ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണ്.

ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും ബി.ജെ.പിയാകാന്‍ ഉത്തേജനം നല്‍കുന്നത്. യു.ഡി.എഫിന്റെ ജാഥയില്‍ ബി.ജെ.പിയ്ക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായെന്നും സിപിഎം വ്യക്താമാക്കി.

സംസ്ഥാന സര്‍ക്കാരിനെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയി. കള്ളക്കടത്ത് കേസ് സംബസിച്ചും, തൊഴില്‍ പ്രശ്നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും.

ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്ന വധേരയുടെ ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഓര്‍മ്മയിലുണ്ടായിരിക്കുമെന്നും സി.പി.ഐ എം പറഞ്ഞു.

ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇതേ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തന്നതു സംബന്ധിച്ച് ശക്തമായ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ മലക്കം മറിച്ചില്‍ ബി.ജെ.പിയുമായ രഹസ്യധാരണയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്ത് വിദേശ ട്രോളറുകള്‍ക്ക് കടല്‍ പൂര്‍ണ്ണമായും തീറെഴുതി കൊടുത്തത് 1991 ല്‍ കോണ്‍ഗ്രസ്സാണ്. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വിട്ടുകൊടുത്ത ഉദാരവല്‍ക്കരണ നയവും കോണ്‍ഗ്രസ്സിന്റേതാണ്. ലോകസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച നിയമമാണ് ഇപ്പോള്‍ ബി.ജെ.പി നടപ്പിലാക്കിയത്.

അതിനെതിരെ വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തിയ രാഹുല്‍ഗാന്ധി സ്വയം പരിഹാസ്യമാവുകയാണ് ചെയ്തത്. ബി.ജെ.പിയുടെ നാവായി മാറുന്ന കോണ്‍ഗ്രസ്സിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സോക്രട്ടറിയേറ്റ് വ്യക്തമാക്കി