ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോഡും രണ്ട് ആൾ ജാമ്യവും നൽകണം.
ദിഷ രവി ഫെബ്രുവരി 13 മുതൽ പൊലീസിന്റെയും ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു. ടൂൾകിറ്റ് കേസിൽ അന്വേഷണം നടക്കുന്നതിനാൽ ദിഷക്ക് ജാമ്യം നൽകരുതെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം. എന്നാൽ, ഡൽഹി അക്രമണത്തിൽ ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്.
നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Recent Comments