പത്തനംതിട്ട കൊടുമണില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

0
70

കൊടുമൺ അന്താരാഷ്ട്ര സ്റ്റേഡിയം മന്ത്രി ഇ.പി. ജയരാജൻ നാടിന് സമർപ്പിച്ചു.കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കായിക, യുവജനകാര്യ ക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നാടും നഗരവും കളിക്കളത്താൽ നിറയുകയാണ്.

ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തർദേശീയ മത്സരങ്ങൾ നടത്താൻ ഉതകുന്ന സ്റ്റേഡിയമാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 13 സ്റ്റേഡിയങ്ങൾ ഇതിനോടകം തന്നെ നാടിന് സമർപ്പിച്ചു.

കായിക മികവിൽ മുൻപിൽ നിൽക്കുന്ന സ്ഥലമാണ് പത്തനംതിട്ടയിലെ കൊടുമൺ. ഇ എം എസിന്റെ ഓർമകൾ നിലനിർത്തുന്ന സ്റ്റേഡിയമാണ് കൊടുമൺ സ്റ്റേഡിയം. കായിക വികസനത്തിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താം. ശാരീരിക പ്രതിരോധത്തിന് മൈതാനങ്ങൾ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കൊടുമൺ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേഡിയമാണ് യഥാർഥ്യമായതെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ 15 കോടി രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.

ഫുട്‌ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട്, ഓഫീസ് കെട്ടിടം, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബാത്‌റൂം, ഫ്‌ളഡ് ലൈറ്റ് സംവിധാനം തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പന്തളം ചേരിക്കലിൽ 50 ലക്ഷം രൂപയുടെ സ്റ്റേഡിയം നിർമാണം ആരംഭിക്കാൻ പോവുകയാണ്. ഇതുവരെ 1050 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കോളനികളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സാധ്യമായതെന്നും എംഎൽഎ പറഞ്ഞു.

പൊതുസമ്മേളന ഉദ്ഘാടനം, ശിലാഫലകം അനാച്ഛാദനം എന്നിവ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോവളം എഫ്‌സിയും കെഎസ്ഇബിയും തമ്മിലുള്ള സൗഹൃദ പ്രദർശന ഫുട്ബോൾ മത്സരവും നടന്നു.

ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ബി. രാജീവ് കുമാർ, കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിപിൻ കുമാർ, സി. പ്രകാശ്, ചെയർപേഴ്‌സൺ രതീദേവി, വാർഡ് മെമ്പർമാരായ സി. പ്രകാശ്, എ.ജി. ശ്രീകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, സിപിഎം ഏരിയാ സെക്രട്ടറി എ.എൻ. സലീം, കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. അനിൽ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ്, സിനിമാ താരം പ്രവീൺ പരമേശ്വരൻ, തുടങ്ങിയവർ പങ്കെടുത്തു.