വർഗീയതയുമായി തോളിൽ കൈയ്യിട്ട് നീങ്ങുന്നവരാണ് യു ഡി എഫുകാർ: എ വിജയരാഘവൻ

0
30

യു ഡി എഫിന് ചരിത്രത്തിലില്ലാത്ത വിധം പരാജയം നേരിടാൻ പോകുന്നുവെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. അപവാദ വ്യവസായം എന്ന രീതിയിലേക്ക് യുഡിഎഫ് തരംതാഴ്ന്നു. യാഥാർഥ്യത്തിൽ നിന്ന് ജനങ്ങളെ അകറ്റാൻ ബോധപൂർവം ശ്രമിക്കുകയാണ് കോൺഗ്രസ്.

അവസാനത്തെ അഞ്ചാറു മാസം വ്യക്തിപരവും രാഷ്ട്രീയവുമായി അപവാദ പ്രചാരണം നടത്തുകയാണ് യുഡിഎഫ് ഇപ്പോൾ. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റ് ഉയർത്തി അക്രമ സമരത്തിന് കോപ്പുകൂട്ടുകയാണവർ. അക്രമ സമരത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും എ വിജയരാഘവൻ ആരോപിച്ചു. എൽഡിഎഫ് മുന്നോട്ടുവെച്ച വലിയ വികസന കാഴ്ചപ്പാടുണ്ട്. അതെല്ലാം തകർക്കും എന്ന സന്ദേശവുമായാണ് യു ഡി എഫ് ജാഥ സഞ്ചരിക്കുന്നത്. ബിജെപിയുമായി സൗഹൃദം പങ്കിടുന്ന കോൺഗ്രസിന് വർഗീയതയോടുള്ള നിലപാട് എന്താണ്. എല്ലാ മത വർഗീയതയുമായി കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാം. എല്ലാ വർഗീയതയുമായി തോളിൽ കൈയ്യിട്ട് നീങ്ങുന്നവരാണ് യു ഡി എഫുകാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാകുമോയെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഈ വിഷയത്തിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ ശ്രീധരൻ നല്ലൊരു എൻജിനിയറാണ്. വൻകിട നിർമ്മാണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയുമാണ്. രാജJത്തിൻ്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പിണറായിയെ വിമർശിക്കുന്ന ഇ ശ്രീധരൻ ചേർന്നു നിൽക്കുന്നത് മതാധിഷ്ഠിത രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പാർടിക്കൊപ്പമാണ് എന്നതാണ് വൈരുധ്യം. സാമാന്യ ചരിത്രബോധം പോലും അദ്ദേഹം കാട്ടുന്നില്ല എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. സംഘപരിവാർ നിയന്ത്രിക്കുന്ന ബി ജെ പിയിൽ ചേർന്നിട്ടാണ് അദ്ദേഹം ഇങ്ങനെ യുക്തിരഹിതമായി സംസാരിക്കുന്നത്.

വികസന മുന്നേറ്റ ജാഥക്ക് വലിയ തോതിലുള്ള ജനപങ്കാളിത്തം ദൃശ്യമാണ്. എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനം, അതിൻ്റെ പ്രതിഫലനമാണ് സ്വീകരണ യോഗങ്ങളിൽ ദൃശ്യമാകുന്നതെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എ പ്രദീപ്കുമാർ എം എൽ എ. പി എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു.