കോ‍ഴിക്കോട് ബീച്ച് ആശുപത്രിയില്‍ അമ്മത്തൊട്ടില്‍

0
26

നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനായി എംഎൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഇരുപതു ലക്ഷത്തി ഇരുപത്തി മുവ്വായിരം രൂപ അനുവദിച്ച് എ പ്രതീപ് കുമാര്‍ ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു.

ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതു പ്രകാരം പ്രത്യേകം രൂപകല്പന ചെയ്തതാണ് ജില്ലയിലെ ഈ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ. നവജാത ശിശുക്കൾ ഉപേക്ഷിക്കപ്പെടരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുക. എങ്കിലും പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാൽ തെരുവിലും പാതയോരങ്ങളിലും വലിച്ചെറിയപ്പെടുകയോ അനാഥശവങ്ങളായി കിടക്കുകയോ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. പിറന്നു വീഴുന്ന കുഞ്ഞിൻ്റെ അവകാശം പോലും ആധുനിക ജനാധിപത്യ ലോകത്ത് ഏറ്റവും പരിഗണിക്കപ്പെടുന്ന ഒന്നാണ്.

ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് ഇത് നിർമിക്കുക. കുഞ്ഞിനേയുമെടുത്ത് പ്രവേശന കവാടത്തിലെത്തുമ്പോൾ ത്തന്നെ വാതിൽ തനിയേ തുറക്കും. കുഞ്ഞിനെ വച്ച് കഴിഞ്ഞാൽ തനിയെ വാതിൽ അടയുകയും ചെയ്യും.ഉടൻ തന്നെ സൈറൻ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ വിവരം അറിയാനാവും. അവർ എത്തിച്ചേരുന്നതുവരെ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്നതിനാവശ്യമായ എല്ലാ ക്രമീകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്.

ആശുപത്രി അധികൃതർക്ക് കുഞ്ഞിൻ്റെ ആരോഗ്യ പരിശോധനകൾക്ക് ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് കുഞ്ഞിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറാം. ഈ അമ്മത്തൊട്ടിൽ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി മനോഹരമായി ഡിസൈൻ ചെയ്യപ്പെട്ടതാണ്. ആർക്കിടെക്റ്റ് ശ്രീ തൗഫിൽ സലിം ആണ് ഇതിൻ്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡാണ് നിർവഹണ ഏജൻസി.ജില്ലാ വനിതാ ശിശു വികസന വകുപ്പിനായിരിക്കും ചുമതല.