‘ചെന്നിത്തലയുടെ ആരോപണങ്ങള്‍ കള്ളം’; സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന് ഇഎംസിസി കമ്പനി ഡയറക്ടര്‍

0
7

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് ഇഎംസിസി കമ്പനി ഡയറക്ടര്‍ ഷിബു വര്‍ഗീസ്. സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറിലും ഇതുവരെ ഒപ്പിട്ടിട്ടില്ല. സര്‍ക്കാരില്‍ നിന്നും ഒരു രൂപപോലും വാങ്ങുന്നില്ലെന്നും ഷിബു വര്‍ഗീസ് വ്യക്തമാക്കി. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തിന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി ഇഎംസിസി കമ്പനി ഡയറക്ടര്‍ തന്നെ രംഗത്തെത്തിയത്.

ആഴക്കടലില്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ അമേരിക്കന്‍ പൗരന്മാരുണ്ടെന്നും അങ്കമാലി കേന്ദ്രീകരിച്ച് സബിസിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഷിബു വര്‍ഗീസ് വ്യക്തമാക്കി.

വിദേശ നിക്ഷേപം വഴിയാണ് 5000 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. മത്സ്യബന്ധന ബോട്ടുകള്‍, വില്‍പ്പന സ്റ്റാളുകള്‍, വള്ളങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായാണ് പദ്ധതി. ഇതില്‍ ഒരു രൂപയുടെ അഴിമതിപോലുമില്ല. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഒരു കരാറും ഇതേവരെ ഒപ്പിട്ടിട്ടില്ല. പദ്ധതിയുടെ റിപ്പോര്‍ട്ട് നല്‍കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഷിബു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ പദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. അതിനുവേണ്ടി കാത്തിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായ ബോട്ടുകള്‍ നിര്‍മിക്കാന്‍ കെഎസ്‌ഐഎന്‍സിയുമായി ധാരണാപത്രം ഒപ്പിട്ടുണ്ട്. 2000 കോടി രൂപയ്ക്കുള്ള ബോട്ടുകള്‍ നിര്‍മിക്കാനാണ് ധാരണാപത്രം. ഇതുവഴി 400 ബോട്ടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടല്‍ മത്സ്യബന്ധനം നടത്താനാണ് ധാരണയെന്നും ഷിബു വര്‍ഗീസ് വ്യക്തമാക്കി.

അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിന് തൊട്ടുപിന്നാലെ എല്ലാ ആരോപണങ്ങളേയും നിഷേധിച്ചുകൊണ്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയല്‍ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി ഇത് ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

അതേസമയം കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല ആഞ്ഞടിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.