യുഡിഎഫ് സർക്കാർ അടച്ചുപൂട്ടി , കിരാലൂർ സ്കൂൾ മികവുറ്റതാക്കി എൽഡിഎഫ്

0
28

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കിരാലൂർ സ്കൂളിന് മികവുറ്റതാക്കി എൽഡിഎഫ്. കിരാലൂർ ജിപിഎംഎൽപി സ്‌കൂൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ കുട്ടികൾക്ക് പ്രതീക്ഷ നൽകി ഉയരുകയായിരുന്നു.

കച്ചവടക്കണ്ണുമായി ഈ എയ്‌ഡഡ്‌ സ്‌കൂൾ‌ മാനേജർ പൂട്ടിട്ടു. കുട്ടികൾ പെരുവഴിയിലായി.സ്കൂൾ അവസാനിപ്പിക്കുന്നതിന് അന്നത്തെ യുഡിഎഫ്‌ സർക്കാരും പിന്തുണ നൽകി. എന്നാൽ എൽഡിഎഫ്‌ അധികാരത്തിൽ എത്തിയയുടൻ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനു പകരം പുത്തൻകെട്ടിടം നിർമിച്ചു. സ്‌കൂൾ കെട്ടിടം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും.

കിരാലൂർ പരശുരാമ അയ്യർ സ്‌മാരക എൽപി സ്‌കൂളിന്‌ എട്ടരപ്പതിറ്റാണ്ട്‌ ചരിത്രമുണ്ട്‌. 2011 ജൂണിൽ പ്രവേശനോത്സവദിവസമാണ്‌ സ്‌കൂൾ മാനേജർ എ എ പത്മനാഭൻ പൂട്ടിയത്‌. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും പൂട്ട്‌പൊളിച്ച്‌ അകത്ത്‌ കടന്നു. പക്ഷേ, ബഞ്ചും ഡസ്‌കും മാറ്റിയിരുന്നു. വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിരുന്നു.

പി കെ ഹരികൃഷ്‌ണൻ കൺവീനറായി നാട്ടുകാർ സ്‌കൂൾ സംരക്ഷണസമിതി രൂപീകരിച്ചു. ‌സമരങ്ങളും നടത്തി. വിദ്യാഭ്യാസവകുപ്പം വേലൂർ പഞ്ചായത്തും സ്‌കൂൾ നടത്തിപ്പിനാവശ്യമായ നടപടി സ്വീകരിച്ചു. കുട്ടികൾ കുറഞ്ഞെങ്കിലും ക്ലാസുകൾ തുടർന്നു. പി കെ ബിജു എംപിയായിരിക്കെ സ്‌കൂളിന്‌ ബസും അനുവദിച്ചു.

2016ൽ എൽഡിഎഫ്‌ അധികാരത്തിലെത്തിയതോടെ മന്ത്രിമാരായ എ സി മൊയ്‌‌തീനും സി രവീന്ദ്രനാഥും‌ ഇടപെട്ട്‌ സ്‌കൂൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. കോടതി നിർദേശത്തിനു വിധേയമായി മാനേജർക്ക്‌ നഷ്ടപരിഹാരത്തുകയും കൈമാറി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 80 ലക്ഷം ചെലവിൽ പുതിയ കെട്ടിടം പണിതു. ഇതോടെ സ്‌കൂളിന്‌ പുനർജനിയായി.