ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

0
23

കേരളത്തിലെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് പുതിയ ഐ.ടി.ഐകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 12 ഐ.ടി.ഐകൾ വൈകാതെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും.

ഇവ രാജ്യത്തെ മുൻനിര വ്യാവസായിക പരിശീലന കേന്ദ്രങ്ങളായി അറിയപ്പെടും. 22 പുതിയ ഐ.ടി.ഐകളാണ് സർക്കാർ അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം ഐ.ടി.ഐകളുടെ അക്കാദമിക നിലവാരം ഉയർത്താനും നടപടികൾ സ്വീകരിച്ചു.

മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് പുതുതായി അനുവദിച്ചത്. ആധുനിക ട്രെയിഡുകളിൽ അന്താരഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഉറപ്പാക്കുന്നത്. പുതിയ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് തൊഴിൽശേഷി വികസനത്തിന് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.

വിവിധ തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് സംസ്ഥാന നൈപുണ്യ മിഷനായി കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് രൂപീകരിച്ചു. ഐ.ടി.ഐ ട്രെയിനികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തി. ഐ.ടി.ഐകൾ പ്രാദേശിക സാമ്പത്തിക വികാസത്തിന് മുതൽക്കൂട്ടായ പ്രഥമിക ഗവേഷണ കേന്ദ്രങ്ങളാണ്. ഐ.ടി.ഐ പിരിശീലനം ലഭിച്ചവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ പോരുവഴി, കുളത്തൂപ്പുഴ ഇടുക്കിയിലെ ഏലപ്പാറ, കരുണാപുരം മലപ്പുറത്തെ വാഴക്കാട് എന്നിവിടങ്ങളിലെ ഐ.ടി.ഐകളാണ് ഉദ്ഘാടനം ചെയ്തത്.