ആലപ്പുഴ മൊബിലിറ്റി ഹബ്ബ് ഗതാഗതപുനസംവിധാനം പൂർണമാക്കും: ടി.എം. തോമസ് ഐസക്

0
37

ആലപ്പുഴ മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ ഭാഗമായ കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ്ബ് വരുന്നതോടെ ആലപ്പുഴയുടെ ഗതാഗത പുനസംവിധാനം പൂർണതയിലെത്തുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ആലപ്പഴ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ കിഫ്ബി സഹായത്തോടുകൂടി 129 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ മാറ്റി ആധുനിക രീതിയിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ, പെട്രോൾ പമ്പ്, മൾട്ടിലെവൽ കാർപാർക്കിങ്,60 ബസുകൾക്ക് പാർക്കിങ് സൗകര്യം, സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാൻ സൗകര്യമുള്ള സേഫ് സ്റ്റേ ഹോട്ടൽ, സൂപ്പർമാർക്കറ്റ്, ഫോർ സ്റ്റാർ ഹോട്ടൽ, ജീവനക്കാർക്കുള്ള താമസസൗകര്യം എന്നിവ ചേർന്ന ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സാണ് നിർമിക്കുന്നത്.

ബൈപാസ് വന്നതോടെ ആലപ്പുഴയുടെ ഗതാഗത നവീകരണം വലിയ കടമ്പ പിന്നിട്ടു. റോഡുകൾ ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നു. പള്ളാത്തുരത്തി-നെഹ്‌റുട്രോഫി പാലം അലൈൻമെന്റ് ആയി. മുപ്പാലം നാല് പാലമാകുന്നു. ശവക്കോട്ടപാലം,കൊമ്മാടി പാലം ദ്രുതഗതിയിൽ നിർമ്മാണം നടക്കുന്നു. ജില്ല കോടതി പാലം ഫ്‌ളൈ ഓവർ മാതൃകയിലാണ് വരുക. ചുണ്ടൻവള്ളത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിൽ വള്ളങ്ങളുടെ പ്രദർശനവും ഒരുക്കും. കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ ആലപ്പുഴയിലെ ജലഗതാഗതസംവിധാനം മാറ്റും.

ഭരണാനുമതി 400 കോടി രൂപയ്ക്കാണ് നൽകിയിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. മൊബിലിറ്റി ഹബ്ബ് വഴി ആലപ്പുഴയുടെ പരമ്പാരാഗത സംസ്‌കാരം നിലനിർത്തിയുള്ള പുതുക്കിപ്പണിയാണ് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് രജിസ്‌ട്രേഷൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.അശാസ്ത്രീയമായ നിർമാണരീതി ഈ സർക്കാർ പാടേ ഉപേക്ഷിച്ചു. ആലപ്പുഴയുടെ വികസനത്തിൽ നിർണായക ചുവടുവയ്പ്പാണിതെന്ന് പൊതുമാരമത്ത് മന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അഡ്വ. എ.എം. ആരിഫ് എം.പി., നഗരസഭാധ്യക്ഷ സൗമ്യ രാജ്,കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ,നഗരസഭാംഗം എം.ജി. സതീദേവി, എ.ടി.ഒ വി. അശോക് കുമാർ, സെൻട്രൽ സോൺ നോഡൽ ഓഫീസർ വി.എം. താജുദ്ദീൻ സാഹിബ്, ട്രേഡ് യൂണിയൻ പ്രതിനിധികളായ പി.ആർ. അജിത്കുമാർ, എ. ചന്ദ്രൻ, കെ.എസ്. രണദേവ് എന്നിവർ പ്രസംഗിച്ചു.