ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപകാരമാകും: മുഖ്യമന്ത്രി

0
101

ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളുണ്ടാകുമ്പോൾ ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കാൻ സിവിൽ ഡിഫൻസ് വോളന്റിയർക്കാകും.

ഇത്തരത്തിൽ വോളന്റിയർമാരുടെ സേവനം നാടാകെയുണ്ടാകും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സേനാംഗങ്ങൾക്ക് അനുമതി നൽകും. സേനാംഗങ്ങളെ തിരിച്ചറിയാൻ പ്രത്യേക അടയാളമുണ്ടാകും.

പൊതുജനങ്ങൾക്കിടയിൽ സുരക്ഷാകാര്യങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കാൻ സിവിൽ ഡിഫൻസ് വോളന്റിയർമാർക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ടാണ് നടന്നത്.

14 ജില്ലകളിൽ നിന്ന് ഏകദേശം 150 വീതം പേരാണ് പരിശീലനം പൂർത്തിയാക്കിയത്. അഗ്‌നിരക്ഷാസേന ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ, ഡയറക്ടർ(ടെക്നിക്കൽ) എം.നൗഷാദ്, ഡയറക്ടർ (ഭരണം) അരുൺ അൽഫോൺസ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത 6200 പേർക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകിയത്.