യു‍‍ഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനും യുഡിഎഫിന്റെ പരോക്ഷ പിന്തുണ; എ വിജയരാഘവൻ

0
85

കേരളത്തിൽ ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കാനുള്ള സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും പെട്രോൾ വിലവർധന പോലുള്ള ജനദ്രോഹ നടപടികൾക്ക് അവരുടെ പരോക്ഷ പിന്തുണയുണ്ടെന്നും വ്യക്തമാക്കി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. വികസന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് കാസർകോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാർ നടത്തിയ നല്ല കാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് ഇപ്പോൾ പറയുന്നത്, ലൈഫ് പോലുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന് കോൺഗ്രസ് തുറന്നു സമ്മതിക്കുന്നു. കേരള ബാങ്ക് എന്ന സംവിധാനം രാജ്യത്ത് തന്നെ ഒരു സംസ്ഥാനവും മുൻകയ്യെടുത്ത് നടപ്പാക്കാത്ത കാര്യമാണ്. പൂർണമായ സ്വകാര്യവത്കരണമാണ് ബാങ്കിംഗ് മേഖലയിൽ കേന്ദ്രം ലക്ഷ്യം വച്ചത്. ചെറുകിട കൃഷിക്കാരന് കടമെടുക്കണമെങ്കിൽ ഹുണ്ടികക്കാരുടെ അടുത്ത് പോകേണ്ട സ്ഥിതി വന്നു. 1969 ലെ ബാങ്ക് ദേശസാൽക്കരണത്തെ എല്ലാവരും പിന്താങ്ങി. എന്നാലിപ്പോൾ ബിജെപി ആ നയം മാറ്റി. കോൺഗ്രസും അതിനെ പിന്താങ്ങുകയാണ്- അദ്ദേഹം പറഞ്ഞു.

സഹകരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിനാകാത്ത സാഹചര്യമുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ കേരള ബാങ്ക് പൂട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. ഇതാണ് സമീപനം. പൂർണമായി കേരളത്തിന് നിരാശയുണ്ടാക്കുന്ന നിലപാടാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.നാടിന്റെ താൽപര്യത്തിന് മുൻകൈ ഉണ്ടാകുന്ന നിലപാടെടുക്കണം.

വിൽക്കാൻ വച്ച സ്ഥാപനങ്ങളുടെ സംരക്ഷകനായിട്ട് പ്രധാനന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തിയിരിക്കുകയാണ്.പൊതുമേഖല സ്ഥാപനത്തെ ചെറുതായി നവീകരിച്ച ശേഷം വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. കേരളത്തിന്റെ താൽപര്യം പൊതുമേഖല സ്ഥാപനം സംരക്ഷിക്കുക എന്നതാണ്. കേന്ദ്രത്തിന്റെ തീവ്ര സ്വകാര്യവത്കരണ നയത്താൽ കേരളത്തിനുണ്ടാകുന്ന പരിമിതികളെ ചോദ്യം ചെയ്യാൻ കോൺഗ്രസ് തയ്യാറല്ല.

പെട്രോൾ വിലവർധനവിലും പരോക്ഷ പിന്തുണയാണ് യുഡിഎഫിനുള്ളത്. ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുക എന്നതാണ് നിലവിൽ യുഡിഎഫിന്റെ സമീപനമെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.