കെ ഫോൺ, കെ റെയിൽ,ലൈഫ് മിഷൻ, ദേശിയ പാത, ജലപാത, പൊതുവിദ്യാഭ്യാസ മേഖല,വൈദ്യുത മേഖല, ഭക്ഷ്യസുരക്ഷ,വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വികസനം തന്നെ അജണ്ടയെന്ന് പറഞ്ഞുറപ്പിച്ച് എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കാസർഗോഡ് ഉപ്പളയിൽ നടന്ന ഉദ്‌ഘാടന ചടങ്ങ് ആവേശഭരിതമായി. സർക്കാരിനെതിരെ അപവാദ പ്രചാരണം നടത്തുന്നവരെ കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം.
‘ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് കൃത്യമായി ജനങ്ങളിലെത്തിച്ച സർക്കാരാണിത്.കോവിഡ് കാലത്തും ഒരാളെയും പട്ടിണിക്കിടാതെ സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും നൽകിയ സർക്കാരാണിത്. പൊതു വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തില്ലാത്ത മാറ്റം കൊണ്ട് വരാൻ കഴിഞ്ഞു. സ്‌കൂളുകൾ ഹൈടെക് ആക്കുന്നതിനൊപ്പം പാഠപുസ്തകങ്ങൾ കൃത്യമായി എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്ത് അന്തിയുറങ്ങാൻ ഇടമില്ലാത്ത പാവപ്പെട്ട രണ്ടര ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ വീട് വെച്ച് നൽകി, ലൈഫ് മിഷൻ പദ്ധതി മുന്നേറുന്നു.
ഇതോടൊപ്പം ഗെയിൽ പദ്ധതി പൂർത്തീകരിച്ച സർക്കാരാണിത്.ദേശീയപാതയിൽ നാളിതുവരെയില്ലാത്ത വികസനമാണ് ഈ സർക്കാർ കാഴ്ചവെക്കുന്നത്. ഈ വികസനമുന്നേറ്റങ്ങൾ ജനങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും നുണകളുടെ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോഴും ജനം കോട്ട കെട്ടി ഈ സർക്കാരിനൊപ്പം നിന്നും.യാഥാർഥ്യം മനസിലാക്കിയ ജനങ്ങളാണ് സർക്കാരിന്റെ കരുത്ത്. പറഞ്ഞ വികസന പദ്ധതികൾ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കി ജനങ്ങളെ ബോധ്യപ്പെടുത്തി.
ഇവിടെ ഒന്നും നടക്കില്ല എന്ന ചിന്താഗതി മാറ്റി നിരാശയുടെ സ്ഥാനത്ത് പ്രത്യാശ നൽകിയ സർക്കാരാണ് എൽ ഡി എഫ് സർക്കാർ. ജനങ്ങളുടെ പ്രതീക്ഷ സഫലമാക്കിയ സർക്കാരാണിത്.പ്രതിസന്ധികളിലെല്ലാം സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു.കേരളത്തെ നയിക്കാൻ എൽ ഡി എഫ് മതിയെന്ന് ജനം ചിന്തിക്കുന്നു. നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പൂർത്തിയാക്കിയ സർക്കാരാണിത്. ഉപേക്ഷിച്ചു പോയ പദ്ധതികൾ പോലും സർക്കാർ നടപ്പിലാക്കി ജനങ്ങൾക്ക് ഗുണമുള്ളതാക്കി മാറ്റിയെന്നും’ മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി കോൺഗ്രസ് ബി ജെ പി യുടെയും, എസ് ഡി പി യുടെയും പിന്നാലെ പോകുകയായാണെന്നും വിമർശിച്ചു. ഈ നാടിൻറെ മതനിരപേക്ഷതയെ തകർക്കുന്ന ഒന്നിനും സർക്കാർ കൂട്ട നിൽക്കില്ലെന്നും സി എ എ നിയമം നടപ്പിലാക്കില്ല എന്നും ആവർത്തിച്ച് വ്യക്തമാക്കി. വർഗീയതയെ ചെറുക്കൻ ബയോനെ പക്ഷങ്ങൾ എൽ ഡി എഫിനൊപ്പം അണിചേരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സർക്കാരിന്റെയും എൽ ഡി എഫിന്റെ ഭാവി കാഴ്ചപ്പാടും വികസനത്തിൽ അടിസ്ഥാനപ്പെടുത്തിയാണെന്ന് അടിവരയിട്ടാണ് മുഖ്യമന്ത്രി വികസനമുന്നേറ്റ ജാഥ ഉദ്ഗാടനം ചെയ്തത്. കാസർഗോഡ് നിന്നാരംഭിച്ച വടക്കൻ മേഖല ജാഥ സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവൻ നയിക്കും.ഫെബ്രുവരി 26 ന് തൃശൂരിലാണ് സമാപനം. ജാഥയിൽ ജോസ്.കെ.മാണി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. ഫെബ്രുവരി 14 ന് എറണാകുളത്ത് നിന്നാണ് തെക്കൻ മേഖല ജാഥ ആരംഭിക്കുന്നത്. സി പി ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് തെക്കൻ മേഖല ജാഥ സമാപിക്കും. സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വമാണ് തെക്കൻ മേഖല ജാഥ നയിക്കുന്നത്.