സ്ഥിരപ്പെടുത്തലുകൾ മാധ്യമങ്ങളും ആവശ്യപ്പെട്ടത് , നേരറിയാൻ അന്വേഷണം

0
113

2018 ജൂൺ ആറിന് ഏഷ്യാനെറ്റ് അതീവസ്പർശിയായ ഒരു വാർത്ത പുറത്തുകൊണ്ടുവന്നിരുന്നു. മലയാണെന്റെ സന്തോഷവും സമാധാനവും’.. കാടിനെ തോൽപ്പിച്ച നിശ്ചയദാർഢ്യത്തിന്റെ കഥ എന്ന പേരിലായിരുന്നു ആ വാർത്ത. നല്ല ക്യാമറയും ആരെയും സ്പർശിക്കുന്ന തരത്തിലുള്ള വിവരണവുമാണ്. തിരുവനന്തപുരം അഗസ്ത്യമലയിലെ കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷാകുമാറിയെക്കുറിച്ചായിരുന്നു ആ വാർത്ത.

സ്ഥിര നിയമനവും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലാണ് സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെന്നും കാടിനകത്തെ ആദിവാസി ഊരുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഏക ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങളെന്നും ചൂണ്ടിക്കാട്ടുന്നതാണ് ആ വാർത്ത.

അവിടെ തീർന്നില്ല, അമ്പൂരിലെ വീട്ടിൽ നിന്നും ഓരോ ദിവസവും രണ്ട് മണിക്കൂർ യാത്ര ചെയ്താണ് ഉഷ കുമാരി തൊടുമലയിലെ സ്‌കൂളിലെത്തുന്നത്. പുഴ കടന്ന്, നാലു കിലോമീറ്ററോളം നടന്നാണ് ദിവസവും യാത്ര. 20 വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്, എന്നിട്ടും സ്ഥിരനിയമനമായില്ലെന്ന് ടീച്ചർ പറയുന്നു.

ഇനി അതെ ചാനലിൽ വന്ന മറ്റൊരു വാർത്ത. 2020 ഫെബ്രുവരി 29 നാണ് വാർത്ത വന്നത്. തുച്ഛ ശമ്പളമാണ്, കാടും മലയും താണ്ടുന്ന ഈ ഏകാധ്യാപകർക്കായി സർക്കാരിന് പണമില്ലേ? എന്നാണ് ചോദ്യം. ”ഞങ്ങളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്നത് പോലും ഇന്ന് ശരിയാക്കാം, നാളെ ശരിയാക്കാം എന്നാണ്.

ഇപ്പോ ശമ്പളവുമില്ല”, എന്ന് മണിക്കൂറുകൾ നടന്ന് അഗസ്ത്യമല കയറുന്ന ഉഷട്ടീച്ചർ കണ്ണീരോടെ പറയുന്നു എന്നാണ്. ഉഷ ടീച്ചർ തൊടുമലയിലെ സ്കൂളിലേക്ക് എത്തുന്നത്. അതൊരു വെറും യാത്രയല്ല. കാടിനുള്ളിലാണ് സ്കൂൾ. ഏകാധ്യാപകവിദ്യാലയമാണ്.

ആകെ ഉഷ ടീച്ചർ മാത്രമയുള്ളൂ എല്ലാ കാര്യങ്ങളും നോക്കാൻ. പുഴ കടന്ന്, നാല് കിലോമീറ്ററോളം നടന്ന് ദിവസവും യാത്ര. പകൽ മുഴുവൻ കുട്ടികളോടൊപ്പം. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും ടീച്ചർ. വീണ്ടും നാല് കിലോമീറ്റർ വടി കുത്തിപ്പിടിച്ച് ഇറക്കം. പുഴ കടന്ന് തിരികെ. രണ്ട് പതിറ്റാണ്ടായി ഈ പോക്കും വരവും. എന്നിട്ടും ഇവരെയൊന്നും സർക്കാർ സ്ഥിരപ്പെടുത്തുന്നില്ല എന്നുമായിരുന്നു ആ വാർത്ത.

ഇനി മറ്റൊന്ന്. 2020 മാർച്ച മൂന്നിന് ഓൺലൈൻ മാധ്യമമായ ദ ക്യൂവിൽ വന്നതാണ്. ഏകാധ്യാപക വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉഷ ടീച്ചർ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. ടീച്ചറുടെ ആരോഗ്യ നില തീർത്തും മോശമായെന്ന് മകൾ പറയുന്നു. അഗസ്ത്യമലയിലെ കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് ടീച്ചർ സമരം നടത്തുന്നത്.

സ്ഥിര നിയമനവും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലാണ് സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർ. ഞങ്ങളുടെ ടീച്ചറെ സ്ഥിരപ്പെടുത്തു, ഉഷ കുമാരിയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്, നടപടിയെടുക്കാതെ സർക്കാർ എന്ന തലക്കെട്ടിലായിരുന്നു ആ വാർത്ത.

ഒരെണ്ണം കൂടി. ഭൂലോക മാധ്യമമായ മറുനാടൻ മലയാളിയിൽ 2021 ഫെബ്രുവരി പതിനൊന്നിന് സ്‌പെഷ്യൽ റിപ്പോർട്ട്. സമരം തുടങ്ങിയപ്പോൾ മാള കയറിവന്ന് കാര്യം തിരക്കി ഇറങ്ങിപ്പോയവരെ ആരെയും പിന്നീട് കണ്ടില്ല, നിരാഹാരസമരം അഞ്ചാം ദിവസമായിട്ടും ആകെ കൂട്ട് മകൾ മാത്രം, ഏകാധ്യാപക സ്‌കൂളുകളിൽ മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്തുമെന്നു സർക്കാർ തീരുമാനിക്കാതെ ഉഷാകുമാരി പിന്നോട്ടില്ല, അമ്പൂരി കുന്നത്തുമല ആദിവാസി സ്‌കൂളിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതർ. ഏകാധ്യാപകരെ സ്ഥിരപ്പെടുത്താനായി ഉഷാകുമാരിയുടെ ഒറ്റയാൾ പോരാട്ടം എന്ന തലക്കെട്ടിൽ വിഡിയോവും ചെയ്തിട്ടുണ്ട്.

ശരിയാണ്. ഇങ്ങനെ വർഷങ്ങളായി ജോലി ചെയ്യുന്നവരെയാണ് ഇടതുമുന്നണി സർക്കാർ സ്ഥിരപ്പെടുത്തുന്നതുന്നത്. തികച്ചും മനുഷ്യത്വപരമായ നടപടി തന്നെയാണിത്. ഒരിക്കൽപോലും രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്തിയിട്ടില്ല. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ ടീമംഗത്തിനും സ്ഥിരനിയമനം ലഭിച്ചു.

ഒരിക്കൽ പോലും ഒരു പക്ഷഭേദവും ഇക്കാര്യത്തിൽ ഇടതുമുന്നണി സർക്കാർ നടത്തിയിട്ടില്ല. ഇത്തരത്തിൽ അർഹതപ്പെട്ടവർക്ക് സ്ഥിരനിയമനം നൽകിയതിൽ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. അര്ഹതയുള്ളവർക്ക് നിയമനം ലഭിക്കേണ്ടതാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലാതാനും.

എന്നാൽ നമ്മുടെ മാധ്യമങ്ങൾ ചെയ്യുന്നതെന്താണ്. അത് പറയാതെവയ്യ. വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിട്ടും സ്ഥിരപ്പെടാത്ത ഇവരെപ്പറ്റി കണ്ണീർക്കഥകൾ എഴുതിയ അതെ മാധ്യമങ്ങൾതന്നെ, നേരത്തെ ചൂണ്ടിക്കാട്ടിയ മാധ്യമങ്ങൾ അടക്കം, ഇപ്പോൾ ഈ നിയമനങ്ങളെയെല്ലാം പിൻവാതിൽ നിയമനമായി മുദ്രകുത്തുന്നു. സംസ്ഥാനത്ത് നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങൾ കുറേയുണ്ട്. അവിടങ്ങളിൽ പത്തുകൊല്ലം സർവീസ് പിന്നിട്ടവരെയും മറ്റുമാണ് സ്ഥിരപ്പെടുത്തുന്നത്.

അവിടെ പിഎസ്‌സി ലിസ്റ്റില്ല. ഇങ്ങനെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ പുലർത്തുന്നുണ്ട്. ഭാവിയിൽ നിയമിക്കപ്പെടാൻ ഇടയുള്ളവരെ വരെ മുൻകൂട്ടി സ്ഥിരപ്പെടുത്തിയ ഉത്തരവിറക്കിയ യുഡിഎഫ് രീതിയിൽനിന്ന് വ്യത്യസ്തമാണിത്. ഇത്തിരിച്ചറിയാനുള്ള സാമാന്യബോധവും പക്വതയുമാണ് മാധ്യമങ്ങൾ പുലർത്തേണ്ടത്.