രാജ്യസഭാ ഒഴിവ് : മുസ്ലീം ലീഗിൽ പേമെന്റ് സീറ്റ് വിവാദം വീണ്ടും

0
29

– കെ വി –

മുസ്ലീം ലീഗിൽ പേമെന്റ് സീറ്റ് വിവാദം വീണ്ടും പുകയുന്നു. അടുത്ത മാസം വരുന്ന രാജ്യസഭാ സീറ്റൊഴിവിലേക്ക് വ്യവസായപ്രമുഖൻ പി വി അബ്ദുൾ വഹാബിനെതന്നെ പരിഗണിക്കുന്നതിലാണ് എതിർപ്പ് ശക്തിപ്പെടുന്നത്. പാർലമെന്ററി രംഗത്ത് മികച്ച കഴിവുള്ള നേതാക്കളെ മൂലയിലൊതുക്കി പിന്നെയും പൊതുസ്വീകാര്യത കുറഞ്ഞവർക്ക് തുടർച്ചയായി അവസരം നൽകുന്നതിലാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടരികെ നിൽക്കെ ഇത് പരത്തുന്ന സന്ദേശം അത്ര മതിപ്പുളവാക്കുന്നതല്ല എന്ന വാദമാണ് വിയോജിപ്പുള്ളവർ ഉയർത്തുന്നത്. ലീഗിന്റെ ഉന്നത നേതൃത്വത്തിൽതന്നെ ഒരുവിഭാഗം പങ്കുവെക്കുന്ന ഈ വികാരം സാധാരണ പ്രവർത്തകരിലേക്കും അണികളിലേക്കും പടരുന്നു.

ലീഗിൽ സജീവരംഗത്തുള്ള, നല്ല സംഘാടകശേഷിയും ആത്മാർത്ഥതയുമുള്ള പ്രഗത്ഭനേതാക്കളെ തഴഞ്ഞാണ് അബ്ദുൾ വഹാബിനെ മൂന്നാം തവണയും രാജ്യസഭാ അംഗമാക്കുന്നത്. യുവാക്കൾക്കും വനിതകൾക്കും പാർലമെന്ററി സ്ഥാനങ്ങൾ അർഹമായ തോതിൽ നൽകുന്നില്ലെന്ന ആക്ഷേപം ലീഗിൽ നേരത്തേയുണ്ട്. അത് ഗൗരവത്തിലെടുക്കാതെ എഴുപത് പിന്നിട്ട നിലവിലെ എം പിയോട് മറ്റു ചില സമ്മർദത്തിന് വഴങ്ങി അമിതവിധേയത്വം കാട്ടുന്നതിൽ അതൃപ്തി വ്യാപകമാണ്. പക്ഷേ, ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ഇതിനെ അനുകൂലിക്കുന്നതിനാൽ ഭിന്നാഭിപ്രായം ഉള്ളിലൊതുക്കുകയാണ് പലരും.

പൊതുസമൂഹത്തിൽ വലിയ അംഗീകാരമുള്ള ചരിത്ര- സാംസ്ക്കാരിക പണ്ഡിതൻകൂടിയായ അബ്ദുൾ സമദ് സമദാനിയെപ്പോലുള്ള നേതാക്കളെ ലീഗ് ഒരു തലത്തിലും അടുപ്പിക്കാതായിട്ട് വർഷങ്ങളായി. തുടർച്ചയായി അദ്ദേഹം കോഴിക്കോട്ട് റംസാൻ വ്രതനാളുകളോടനുബന്ധിച്ച് നടത്തിപ്പോന്ന “മദീനയിലേക്കുള്ള പാത ” എന്ന പ്രഭാഷണ പരിപാടിപോലും ലീഗിന്റെ അനിഷ്ടംമൂലം മുടങ്ങി. ലീഗിന്റെ ബഹുജന സ്വാധീനം വളർത്തുന്നതിൽ ഏറെ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്ന പൊതുസമ്മതനായ നേതാവാണ് സമദാനി. കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന വേദികളിൽവരെ നല്ല കൈയടി നേടുന്ന തലപ്പൊക്കമുള്ളതാണ് അദ്ദേഹത്തെ അനഭിമതനാക്കിയത്.

വായനയും പുസ്തകരചനയും മറ്റുമായി കഴിയുന്ന അദ്ദേഹത്തോട് ഉന്നതാധികാര സമിതിക്കാർക്ക് അത്ര താല്പര്യമില്ല.
മലപ്പുറം – കോഴിക്കോട് ജില്ലകളിലായി വേറെയും ഒട്ടേറെ നേതാക്കളുണ്ട് ലീഗിൽ എം പിയാവാൻ യോഗ്യതയുള്ളവർ . മത്സരം വരാത്ത സീറ്റായതിനാൽ വനിതകളിൽനിന്നുള്ള പുതുമുഖ സ്ഥാനാർത്ഥികളെയും നിർത്താവുന്നതാണ്. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, അഡ്വ. നൂർബിന റഷീദ്, എം എസ് എഫ് അഖിലേന്ത്യാ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ തുടങ്ങിയ അറിയപ്പെടുന്ന വനിതാ നേതാക്കളുണ്ട് ലീഗിൽ. സ്ത്രീകളെ പൊതുമത്സരത്തിനിറക്കുന്നതിൽ സമുദായ സംഘടനയ്ക്കുള്ള വിസമ്മതത്തെ മറികടക്കാൻ ഇവരിലാരെയെങ്കിലും പരിഗണിച്ചാൽ കഴിയും. എന്നാൽ, ലീഗായതിനാൽ ആ വഴിക്കൊന്നും ആലോചനയുണ്ടാകാനിടയില്ല. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും വേഗത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. പക്ഷേ, മുഖ്യ മാനദണ്ഡം രാഷ്ട്രീയ പ്രതിബദ്ധതയോ പാർലമെന്റിൽ ഉപയോഗപ്പെടുത്താവുന്ന കാര്യപ്രാപ്തിയോ ഒന്നുമല്ല ലീഗിൽ.

നാലുപതിറ്റാണ്ടോളമായി ലീഗിൽ സ്ഥാനാർത്ഥിത്വ പങ്കുവെപ്പ് പ്രധാനമായി നാല് വിഭാഗത്തിന് പ്രാതിനിധ്യമുറപ്പിച്ചാണ്. പൊതുപ്രവർത്തനത്തിലും പ്രസംഗത്തിലും സംഘടനാരംഗത്തും ശ്രദ്ധേയരായവർക്കാണ് ഫ്രീ സീറ്റ്. രണ്ടാമത് പൗരപ്രമുഖർ എന്ന മേലങ്കിയുള്ള ഭദ്രമായ സാമ്പത്തിക അടിത്തറകൂടിയുള്ള വർക്ക് . മഞ്ചേശ്വരത്ത് എം സി കമറുദ്ദീന് കഴിഞ്ഞ പ്രാവശ്യം നിയമസഭയിലേക്ക് സീറ്റ് ലഭിച്ചത് ഈ വിഭാഗത്തിലാണ്. ഏതാണ്ട് സ്വാശ്രയ കോളേജിൽ മെറിറ്റ് സീറ്റിലെ പ്രവേശനം പോലെ. ഫീസും സംഭാവനയും കൊടുക്കണം ; പക്ഷേ ചെറിയ ഇളവുണ്ട്. അതും കഴിഞ്ഞാൽ പേമെൻ് സീറ്റുകൾ മൂന്ന് തട്ടിൽ . ഒന്ന് – പ്രവാസികളിൽനിന്ന് വൻതോതിൽ ഫണ്ട് പിരിച്ചെത്തിക്കുന്ന പോഷകസംഘടനയായ കെ എം സി സി ശുപാർശ ചെയ്യുന്നവർ . അവർക്കാണ് ആദ്യ പരിഗണന. രണ്ട് – സ്വന്തമായി വലിയ തോതിൽ ധനസഹായം ചെയ്യാൻ സന്നദ്ധതയുള്ള ബിസിനസ് രംഗത്തെ വമ്പന്മാർ . അവരുടേത് പൂർണ പേയ്മെൻ്റ് സീറ്റാണ്. അതിന് കിങ് മേക്കർമാർക്കുവരെ വിഹിതം നൽകാൻ വലിയ തുക വേണ്ടിവരും. മൂന്ന് – നാട്ടിൽനിന്നുള്ള ഫണ്ട് സമാഹരണത്തിൽ സമർത്ഥരായ , ഇടത്തരമോ അതിന് മേലെയോ ഉള്ള വ്യാപാരി-വ്യവസായി പ്രമാണിമാർ. അതായത്, ഭരണം കിട്ടുകയാണെങ്കിൽ വേണ്ടപോലെ മിടുക്ക് കാട്ടാനാവുന്ന ഇബ്രാഹിം കുഞ്ഞുമാർ .

ഫുൾ പേമെൻ്റ് സീറ്റ് ചിലപ്പോൾ ലീഗുമായി വലിയ ബന്ധമൊന്നും ഇല്ലാത്ത അതിസമ്പന്നർക്കും കിട്ടാറുണ്ട്. ഒന്നാം ഘട്ടത്തിൽ വഹാബ് സാഹിബ് രാജ്യസഭാംഗത്വം നേടിയത് ഇങ്ങനെയാണെന്ന് പരാതി ഉയർന്നിരുന്നു. അന്നത് ലീഗിൻ്റെ മിക്ക ഘടകങ്ങളിലും രൂക്ഷമായ ചർച്ചയ്ക്ക് ഇടയാക്കുകയുമുണ്ടായി. അത് ശമിപ്പിക്കാൻ ലീഗ് മുഖപത്രമായ ചന്ദ്രിക വാരാന്തപ്പതിപ്പിൻ്റെ ഒന്നാം പേജിൽ ഒരു സവിശേഷ ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ എം പിയുടെ കുടുംബത്തിന് പണ്ടേ ലീഗുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കലായിരുന്നു ലേഖനത്തിൻ്റെ ഉള്ളടക്കം മുഴുവൻ. അദ്ദേഹത്തിൻ്റെ പിതാവ് ചന്ദ്രിക വിതരണക്കാരനായിരുന്നു എന്നുവരെ അതിൽ എഴുതിയിരുന്നു.

ഇപ്പോൾ ചർച്ച പഴയതുപോലെയല്ല . പാർലമെന്റിൽ അംഗമായിരുന്ന 12 വർഷം നാടിനുവേണ്ടി വഹാബ് സാഹിബ് ചെയ്തതെന്ത് എന്നാണ് മുഖ്യ ചോദ്യം. രാജ്യത്തെ ജനതയെ രണ്ടുതരമാക്കുന്ന ദേശീയ പൗരത്വ ഭേദഗതിബില്ലും ദേശീയ ജനസംഖ്യാ രജിസ്റ്റർ ബില്ലും പാർലമെന്റിൽ വലിയ ഒച്ചപ്പാടുയർത്തിയപ്പോൾപോലും അദ്ദേഹത്തെ അവിടെയെങ്ങും കണ്ടിരുന്നില്ല. മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ക്രിമിനൽ കുറ്റമാക്കിയ നിയമ നിർമാണ വേളയിലും ലീഗ് എം പി മൗനം ഭൂഷണമാക്കുകയായിരുന്നു. രാജ്യവും സമുദായവും പലതരം ഭീഷണികൾ നേരിടുന്ന മാറിയ സാഹചര്യത്തിൽ ഇത്തരം ജനപ്രതിനിധികൾ മതിയോ പാർലമെന്റിൽ …? എം പി പദവി അലങ്കാരമായിമാത്രം കൊണ്ടുനടക്കുന്നവർക്ക് ഇനിയും അവസരം നൽകണോ -അതും മറ്റു പാർട്ടികളൊക്കെ മൂന്നാംവട്ടക്കാരെ എത്ര മുന്തിയവരായാലും മാറ്റിനിർത്തുമ്പോൾ… ഈ രീതിയിലുള്ള ചർച്ച ലീഗിന്റെ സർവതലങ്ങളിലും ചൂടുപിടിക്കുകയാണ്.