പാലക്കാട് മകനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് വേണ്ടി

0
82

അന്ധവിശ്വാസത്തിന്റെ പേരിൽ കാട്ടികൂട്ടുന്ന ഭ്രാന്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പുറത്തുപള്ളിത്തെരുവുകാർ കണ്ടത് .ആറുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്‌. പുലർച്ചെ മൂന്നരയോടെ സ്വന്തം അമ്മ ഷഹീദ ഉറങ്ങിക്കിടന്ന ഇളയമകൻ ആമിൽ ഇഹ്സാനെ കുളിമുറിയിൽ കഴുത്തറുത്തത് കൊലപ്പെടുത്തുകയാണുണ്ടായത്.

ദൈവവിളിയെ തുടർന്ന്‌ കുട്ടിയെ ബലി നൽകുകയായിരുന്നുവെന്നാണ്‌ അമ്മയുടെ മൊഴിയെന്ന്‌ പൊലീസ്‌ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൊലപ്പെടുത്തിയ ശേഷം ഷഹീദ തന്നെയാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌. കൊലപാതകത്തിനുപയോഗിച്ച കത്തി കഴിഞ്ഞദിവസം വീട്ടാവശ്യത്തിനെന്നു പറഞ്ഞ് ഭർത്താവിനെക്കൊണ്ട് വാങ്ങിപ്പിക്കുകയായിരുന്നുവെന്നും ഷഹീദ പൊലീസിനോട് പറഞ്ഞു.

അയൽവാസികളോട് സൗമ്യമായി പെരുമാറുന്ന, മക്കളെ ഉപദ്രവിക്കാത്ത ഷഹീദ ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാൻ പ്രദേശവാസികൾക്കായിട്ടില്ല. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഇവർ മാനസികമായി ബുദ്ധിമുട്ടിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മദ്രസ മുൻ അധ്യാപികയാണ് ഷഹീദ. ഇവർ നാലുമാസം ഗർഭിണിയാണ്.

നേരത്തെ ഗൾഫിലായിരുന്ന ഷഹീദയുടെ ഭർത്താവ്‌ സുലൈമാൻ ഇപ്പോൾ നാട്ടിൽ ഡ്രൈവറാണ്‌‌. സംഭവം നടക്കുമ്പോൾ സുലൈമാനും രണ്ട്‌ മക്കളും മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. പൊലീസാണ്‌ ഇവരെ വിളിച്ചുണർത്തി വിവരം അറിയിക്കുന്നത്‌. കുഞ്ഞനിയൻ വിട്ടുപോയ സത്യം വിശ്വസിക്കാൻ ചേട്ടന്മാർക്കിനിയുമായിട്ടില്ല.

ശിശുക്ഷേമസമിതി സംഘവും വീട് സന്ദർശിച്ചു. വൈകിട്ട്‌ അഞ്ചോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊതുദർശനത്തിന് ശേഷം കള്ളിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.