ഉത്തരാഖണ്ഡ് മഞ്ഞുമല അപകടം ; 150 പേരെ കാണാതായി ,നദികൾ കരകവിഞ്ഞ് ഒഴുകുന്നു

0
61

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞ് ഉണ്ടായ അപകടത്തിൽ 150 പേരെ കാണാതായി.നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലിഗംഗ നദിയിൽ നിന്നും വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. ഇവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പാലവും ഒലിച്ചുപോയി.

ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.തപോവൻ റെയ്‌നി എന്ന പ്രദേശത്താണ് അപകടം നടന്നത്. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനാൽ ധോളിഗംഗാ നദിയിൽ ജലനിരപ്പ് ഉയർന്നു.ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.

അതേസമയം, ഉത്തരാഖണ്ഡിന് എല്ലാ സഹായവും നല്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ് സംഘാംഗങ്ങളെ പ്രത്യേക വിമാനത്തിൽ ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്. ജോഷിമഠിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘം കൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉത്തരാഖണ്ഡ് ഡിജിപി പ്രതികരിച്ചു. ഡാം സൈറ്റിലെ തൊഴിലാളികൾ ഒലിച്ചുപോയെന്ന റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.