എയ്‌ഡഡ്‌ സ്‌കൂളുകളിലെ 4000 അധ്യാപക-അനധ്യാപക നിയമനത്തിന്‌ സർക്കാർ അംഗീകാരം

0
79

പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 4000 അധ്യാപക-അനധ്യാപക നിയമനത്തിന്‌ സർക്കാർ അംഗീകാരം നൽകി.

2016 ജൂൺ മുതൽ 2020 മാർച്ച്‌ വരെ മാനേജർമാർ നിയമിക്കുകയും ചട്ടലംഘനത്തിന്റെ പേരിൽ അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്‌തവർക്കാണ്‌‌ നിയമനാംഗീകാരം. തസ്‌തിക നഷ്ടപ്പെട്ട സംരക്ഷിതാധ്യാപകർക്ക്‌ നിയമനം ഉറപ്പാക്കുന്നതുകൂടിയാണിത്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2015-16ലാണ്‌ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒഴിവുകളിൽ തസ്‌തിക നഷ്ടപ്പെട്ട അധ്യാപകർക്ക്‌ നിയമനം നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്‌. തുടർന്ന്‌, എൽഡിഎഫ്‌ സർക്കാർ പുതിയ തസ്‌തികകളിൽ ഒരു സംരക്ഷിത അധ്യാപകനെ നിയമിക്കുമ്പോൾ അടുത്ത തസ്‌തികയിൽ മാനേജർക്ക്‌ നിയമനം നടത്താമെന്ന 1:1 അനുപാത വ്യവസ്ഥ കെഇആറിന്റെ ഭാഗമാക്കി.

1979നുശേഷം ആരംഭിക്കുകയോ അപ്‌ഗ്രേഡ്‌ ചെയ്യുകയോ ചെയ്‌ത സ്‌കൂളുകളിൽ മുഴുവൻ സംരക്ഷിതാധ്യാപകരെയും നിയമിച്ചശേഷം പുതിയ നിയമനം എന്ന വ്യവസ്ഥയും നടപ്പാക്കി. എന്നാൽ, ഈ നിർദേശങ്ങൾ പാലിക്കാതെ മാനേജർമാർ നിയമനം തുടർന്നു. അത്തരത്തിൽ നിയമിക്കപ്പെട്ടവരെ അംഗീകരിച്ചില്ല.

മാനേജർമാരും അധ്യാപകരും നിരന്തരം നിയമനാവശ്യം ഉയർത്തിക്കൊണ്ടിരുന്നു. സർക്കാരുമായി നിരവധി തവണ പ്രശ്‌നം ചർച്ച ചെയ്‌തു. തുടർന്ന്‌, തസ്‌തിക നഷ്ടപ്പെട്ട സംരക്ഷിതാധ്യാപകർക്ക്‌ നിയമനം നൽകാമെന്ന ഒത്തുതീർപ്പിലെത്തി. ഇത്‌ നിലവിലെ ഒഴിവുകളിലോ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലോ ആകണം. ഇക്കാര്യം അംഗീകരിക്കുന്ന സത്യവാങ്‌മൂലം സർക്കാരിന്‌ നൽകണം.

1979നുശേഷം രൂപീകരിച്ചതോ ഉയർത്തപ്പെട്ടതോ ആയ സ്‌കൂളുകളിൽ പ്രധാനാധ്യാപകൻ ക്ലാസ്‌ ചുമതലയിൽനിന്ന്‌ ഒഴിയുമ്പോൾ ഉണ്ടാകുന്ന തസ്‌തികയിൽ സംരക്ഷിത അധ്യാപകരെത്തന്നെ നിയമിക്കണമെന്നും പുതിയ നിയമന അംഗീകാര ഉത്തരവ്‌ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക്‌ സ്‌കൂളുകളിൽ പരിശോധന നടത്തി ഉടൻ നിയമനം അംഗീകരിക്കാം.