സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചു: മുഖ്യമന്ത്രി

0
30

ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019ലെ പ്രളയത്തിൽ മലപ്പുറം ജില്ലയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ, പുഴ ഗതിമാറിയൊഴുകി വാസസ്ഥലം നഷ്ടപ്പെട്ടവർ, പ്രളയഭീഷണിയുള്ള സ്ഥലങ്ങളിലുള്ളവർക്ക് സ്ഥലം വാങ്ങേണ്ടവർ അങ്ങനെ വിവിധ വിഭാഗക്കാരാണുണ്ടായിരുന്നത്. നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ 462 കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്യുന്നത്.

28 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചത്. ഇത്തരത്തിൽ ഭൂമി വാങ്ങിയവർക്ക് ദുരന്തപ്രതികരണ നിധിയിൽ നിന്ന് വീട് നിർമിക്കുന്നതിന് 95,100 രൂപ വീതം നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയായ കുടുംബങ്ങൾക്കുള്ള 14 കോടി രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

മലപ്പുറം ജില്ലയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കുടുംബങ്ങൾക്ക് അവരുടെ ഉറ്റവരെ നഷ്ടപ്പെട്ട അവസ്ഥയുണ്ട്. വീടും സ്ഥലവും സ്വത്തുക്കളും നഷ്ടമായി. ഇതിൽ നിലമ്പൂർ മേഖലയിലാണ് 2019 ലെ ആഗസ്റ്റിലുണ്ടായ ദുരന്തത്തിൽ ഏറ്റവും വലിയ ദുരിതം ഏറ്റുവാങ്ങിയത്.

65 പേരുടെ ജീവനാണ് അന്ന് ഉരുൾപൊട്ടലിൽ നഷ്ടമായത്. ഇതിൽ 59 പേരും കവളപ്പാറ ദുരന്തത്തിൽ മരിച്ചവരാണ്. കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ ദുരന്തത്തെ നമുക്ക് എന്നും വേദനയോടെയേ ഓർക്കാനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ദുരന്തങ്ങളെ നാം യോജിച്ചാണ് നേരിട്ടത്. രക്ഷാപ്രവർത്തനത്തിനാണ് ആദ്യം പ്രാമുഖ്യം നൽകിയത്. ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതിനൊപ്പം ദുരന്ത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ മനുഷ്യസാധ്യമായ എല്ലാ നടപടിയുമെടുത്തു.

അതിന്റെ ഭാഗമായാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി 2.60 കോടി രൂപ നേരത്തെ വിതരണം ചെയ്തത്. പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി നാശം നേരിട്ടവർക്ക് 39 കോടി രൂപ നൽകി. ഭൂമിയും വീടും നഷ്ടമായവർക്ക് 37 കോടി വിതരണം ചെയ്തു.

68 ക്യാമ്പുകളാണ് ആ സമയത്ത് പ്രവർത്തിച്ചത്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 5760 പേർക്ക് 10,000 രൂപ വീതം നൽകി. വീടിന് 75 ശതമാനത്തിൽ കൂടുതൽ നാശമുണ്ടായവർക്ക് നാലുലക്ഷം രൂപ വീതം, ഭൂമി നഷ്ടപ്പെട്ട 372 കുടുംബങ്ങൾക്ക് ആറുലക്ഷം രൂപവീതവും, വീടിന് 60 മുതൽ 70 ശതമാനം വരെ നാശം സംഭവിച്ചവർക്ക് രണ്ടരലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഗുണഭോക്താക്കൾക്ക് സർക്കാർ നേരിട്ട് നൽകിയ ധനസഹായം മാത്രമാണിത്.

നഷ്ടപ്പെട്ട ഭൗതികസാഹചര്യങ്ങൾ വീണ്ടെടുക്കാനും സമയബന്ധിതമായ നടപടികളാണ് നാം സ്വീകരിച്ചത്. പ്രളയത്തിൽ തകർന്ന നിലമ്പൂരിലെ 80 റോഡുകളുടെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചു.

പ്രളയത്തിൽ രേഖകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുത്തുനൽകാൻ നടപടി സ്വീകരിച്ചു. രേഖകൾ ഇല്ലെന്ന കാരണത്താൽ ആരുടെയും സഹായധനം നിഷേധിച്ചില്ല. സാങ്കേതികകാരണങ്ങൾ തടസ്സമാകാതെ വളരെവേഗത്തിൽ തുക കൈമാറാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

സർക്കാർ സംവിധാനത്തിനൊപ്പം പൊതുജനങ്ങളാകെ പൂർണമായും സഹകരിച്ചാണ് നീങ്ങിയത്. ഒരുമയും ഐക്യവുമാണ് പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.