സ്ത്രീസുരക്ഷയ്ക്കായി ‘നിർഭയം’ മൊബൈൽ ആപ്പ്

0
44

സ്ത്രീസുരക്ഷയ്ക്കായി കേരള പോലീസ് തയ്യാറാക്കിയ നിർഭയം എന്ന മൊബൈൽ അപ്ലിക്കേഷൻ ഉദ്‌ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താൻ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസർവ്വ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലീസിൽ വനിതാപ്രാതിനിധ്യം 25 ശതമാനമായി വർദ്ധിപ്പിക്കാൻ നടപടികൾ നടന്നുവരികയാണ്. വനിതാ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളിൽ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് ഒട്ടും ഭയം കൂടാതെ പോലീസിന്റെ സഹായം തേടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ്ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർഭയ വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധമുറകൾ പഠിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ വനിതാസ്വയം പ്രതിരോധ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്കായി തയ്യാറാക്കിയ നിർഭയം എന്ന മൊബൈൽ ആപ്പ്്മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലാവിജയനും ചേർന്ന് പുറത്തിറക്കി. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അഞ്ച് സെക്കന്റ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം.

അക്രമിയുടെ ശ്രദ്ധയിൽപ്പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ കഴിയും. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. വി.എസ് ശിവകുമാർ എം.എൽ.എ ഓൺലൈനായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സിനിമാതാരം മഞ്ജു വാര്യർ, പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ, അന്തർദേശീയ ബാസ്‌ക്കറ്റ്ബോൾ താരം ഗീതു അന്ന രാഹുൽ, സാമൂഹിക പ്രവർത്തക ഡോ.പി.എ മേരി അനിത എന്നിവരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.