പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളം മുന്നിൽ

0
134

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന് ദേശീയ അംഗീകാരം. ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ രണ്ടാം വോള്യത്തിൽ 310–-ാം പേജിലാണ്‌ പൊതുവിദ്യാഭ്യാസത്തിലെ കേരളത്തിന്റെ നേട്ടം വിശദികരിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 ശതമാനം കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ പഠനത്തുടർച്ചയിൽ കേരളമാണ് മുമ്പിൽ എന്ന് വ്യക്തമാക്കുന്നു. ആറ് മുതൽ 13 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും സ്‌കൂളിൽ ഹാജരാകുന്നു.

കോവിഡ്‌ കാലത്തും 100 ശതമാനം കുട്ടികളുടെയും സ്‌കൂൾ പ്രവേശനവും ഡിജിറ്റൽ പഠനത്തുടർച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. 14 മുതൽ 17 വയസ്സുവരെയുള്ളവരിൽ 98.3 ശതമാനം പേർ ഹാജരാകുന്നതും കേരളത്തിൽ മാത്രം.

ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കേരളത്തിന്റെ മികവിനെ നേരത്തെ മാനവ വിഭവശേഷി മന്ത്രാലയം (ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രാലയം) പ്രശംസിച്ചിരുന്നു. ഇന്ത്യ റിപ്പോർട്ട് ഡിജിറ്റൽ എഡ്യൂക്കേഷൻ ലേണിങ്‌ ഇനിഷ്യേറ്റീവ്സ് എക്രോസ് ഇന്ത്യ എന്ന രേഖ കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകാപരമാണെന്ന് വിശേഷിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ കരുത്തുപകരാൻ യത്‌നിച്ച മുഴുവൻപേർക്കും അവകാശപ്പെട്ടതാണ്‌ അംഗീകാരമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.