കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താൻ ഉതകുന്ന മാറ്റങ്ങളാണ് നടപ്പാക്കുന്നത് ; മുഖ്യമന്ത്രി

0
63

കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താൻ ഉതകുന്ന മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ഗവേഷണനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ഗവേഷണ തല്പരരായ വിദ്യാർത്ഥികൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം.

അത്തരം ഗവേഷണങ്ങൾ വിവിധ മേഖലകൾക്ക് കരുത്താകും. അത് സമ്പദ് ഘടനയ്ക്ക് പുതിയ മാനങ്ങൾ നൽകി വികസന കുതിപ്പിലേക്ക് നയിക്കും ഇത്തരത്തിലുള്ള സമൂഹമാണ് വിജ്ഞാന സമൂഹം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുത്‌. ഗവേഷണത്തിന്‌ പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെലോഷിപ്പായി പ്രതിമാസം ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അഞ്ച് സർവകലാശാലകളിലെ വിദ്യാർഥികളുമായി നടത്തുന്ന സംവാദ പരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണ് ആദ്യ പരിപാടി നടന്നത്. കുസാറ്റ്, ന്യുവാൽസ്, കെടിയു, ആരോഗ്യ സർവകലാശാല, ഫിഷറീസ് സർവകലാശാലകളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

ഡിജിറ്റൽ വിടവ് വിജ്ഞാന സമൂഹ നിർമ്മിതിയ്ക്ക് തടസ്സമാകരുത് എന്ന് സർക്കാരിന് നിർബ്ബന്ധമുണ്ട്. ഗവേഷണങ്ങളും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും മനുഷ്യജീവിതത്തിൽ വലിയ മാറ്റം വരുത്തിയതാണ് ചരിത്രം.ഇന്റർനെറ്റ് വരുത്തിയ മാറ്റം വലുതാണ്. മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ വല്ലാതെ അത് മാറ്റി. വിവരസാങ്കേതിക വിദ്യയുടെ വളർച്ച ആശയവിനിമയം അതിവേഗത്തിലാക്കി. ഇന്റർനെറ്റ് ചെലവ് കുറയുന്നുണ്ട്. എന്നാൽ വലിയഭാഗം ആളുകൾക്ക് ഇന്നും ഇന്റർനെറ്റ് അപ്രാപ്യമാണ്. ഇതാണ് ഡിജിറ്റൽ വിടവ്.

കേരളസർക്കാർ ഈ വിടവ് നികത്താൻ ശ്രമിക്കുന്നു. അതിനുള്ള ബൃഹദ് പദ്ധതിയാണ് കെ ഫോൺ. സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. എല്ലാവർക്കും ഈ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം.കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം നല്ല രീതിയിൽ നടന്നു. ഈ സൗകര്യവും എല്ലാവർക്കും ലഭ്യമാക്കണം എന്ന നിലപാട് സർക്കാരിനുണ്ടായി. അതിനായി കെഎസ് എഫ് ഇ വഴി വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്പ് ടോപ്പ് ലഭ്യമാക്കി.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖല നന്നായി മാറി. ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ തോതിൽ മാറ്റങ്ങൾ വേണം. കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ ഉണ്ടാകണം. എല്ലാവരും അംഗീകരിക്കുന്ന സ്ഥാപനങ്ങൾ ആകണം അവ. യൂണിവേഴ് സിറ്റിയായാലും കലാലയങ്ങൾ ആയാലും ഇതിനനുസരിച്ചു മാറണം.വിദഗ്ധർ ഉള്ള ഫാക്കൽട്ടി വേണം.സൗകര്യങ്ങൾ വേണം. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട് . അതിനാവശ്യമായ മുഴുവൻ സഹായവും ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

നമുക്ക് ഇപ്പോഴും പരമ്പരാഗത കോഴ്‌സുകളാണ് കൂടുതൽ. കാലാനുസൃതമായ കോഴ്‌സുകൾ മറ്റിടങ്ങളിൽ വന്നിരിക്കുന്നു. നിർഭാഗ്യവശാൽ നമുക്ക് അങ്ങനെ തുടങ്ങാനായില്ല. നമ്മുടെ കുട്ടികൾ അവിടേയ്ക്കു പോകേണ്ടിവരുന്നു. മാറ്റം വേണം. ഇന്റർ ഡിസിപ്ലനറി കോഴ്‌സുകൾ, പുതിയ വിഷയങ്ങളിലെ കോഴ്‌സുകൾ ഒക്കെ കൊണ്ടുവരാൻ നടപടി നേരത്തെ സ്വീകരിച്ചു. അത് ശക്തിപ്പെടുത്തും

വിദ്യാഭ്യാസം കഴിയുമ്പോൾ തൊഴിൽ നേടാനുള്ള കഴിവ് നേടിയിരിക്കണം. ഇത് ഒരു ഭാഗമാണ്. അതിനുള്ള സാഹചര്യങ്ങൾ വിവിധ ഉന്നതവിദ്യാഭ്യാസ കേന്ദ്ര ങ്ങളിൽ ഒരുക്കും.വലിയ വ്യവസായങ്ങൾ ഇവിടെ ഉണ്ട് അവരുമായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ സഹകരിയ്ക്കണം.

അടുത്തിടെ നിസ്സാൻ കമ്പനി കേരളത്തിൽ വന്നു അഭിമുഖം നടത്തിയപ്പോൾ വേണ്ടത്ര പറ്റിയ കുട്ടികളെ കിട്ടിയില്ല എന്ന് പരാതി പറഞ്ഞു. ഇത് കുട്ടികളുടെ തെറ്റല്ല. അവരെ അതിനു പ്രാപ്തരാക്കണം. സർവ്വകലാശാലാ മേധാവികൾ വ്യവസായ സ്ഥാപന മേധാവികളുമായി ബന്ധപ്പെടണം. അവരുടെ അഭിപ്രായം കൂടി തേടി കോഴ്‌സുകൾ രൂപപ്പെടുത്തണം.

എല്ലാവിദ്യാർത്ഥികളും ഉദ്യോഗാർത്ഥികൾ അല്ല.തൊഴിൽ തേടുന്നവർ ഒരു ഭാഗമേയുള്ളൂ. ഒരു വിഭാഗം തൊഴിൽ ദാതാക്കൾ ആകുന്നു. സ്റ്റാർട്ട് അപ്പുകൾ ആരംഭിച്ചപ്പോൾ ഉണ്ടായത് അതാണ്. വിവര സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗിച്ച് സംരംഭകത്വ താല്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കാൻ കഴിയണം.

ലോകോത്തര സർവ്വകലാശാലകളിലെ അതി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസ്സിലിരിക്കണം എന്ന മോഹം നമ്മുടെ വിദ്യാർത്ഥികൾക്കുണ്ടാകും.പോയി പഠിയ്ക്കാൻ എല്ലാവർക്കും കഴിയില്ല.ഈ സാഹചര്യത്തിൽ വിവിധ വിഷയങ്ങളിലെ പണ്ഡിതരെ ക്ഷണിച്ചുവരുത്തുന്ന എമിനെന്റ് സ്കോളേഴ്സ് ഓൺലൈൻ പഠന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.

ജനുവരിയിൽ തന്നെ തുടങ്ങി. ലോകത്തിലെ ഏറ്റവും മികവുറ്റ അതി പ്രഗത്ഭരായ അധ്യാപകരുടെ പ്രഭാഷണം കേൾക്കാനും സംവാദം നടത്തനുമുള്ള അവസരം ഓൺലൈനായി ലഭ്യമാക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നമ്മെത്തേടി വരുന്ന സ്‌ഥിതി ഉണ്ടാകണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ കുട്ടികൾക്ക് ഒരുവർഷം ഒറ്റത്തവണയായി ഒരുലക്ഷം രൂപ ബിരുദാനനന്തരപഠനത്തിനു സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യശാസ്ത്ര പഠന മേഖലയിലും നമുക്ക്‌ ഏറെ മുന്നോട്ടുപോകാനുണ്ട്. കൂടുതൽ മികവുള്ള കോഴ്‌സുകൾ ഉണ്ടാകണം.രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നും കുട്ടികൾ ഇവിടേയ്ക്ക് വരുന്ന സ്ഥിതിവരണം. നിലവാരം കൂടുതൽ വർധിച്ചു മികവിന്റെ കേന്ദ്രങ്ങളായാൽ വിദേശത്തുനിന്നു പോലും കുട്ടികൾ എത്തും.ആ നിലവാരത്തിലേക്ക് സ്ഥാപനങ്ങളെ ഉയർത്തണം. ഇതിനു ഏത് സർവ്വകലാശായുമായും കിടപിടിയ്ക്കുന്ന പാഠ്യപദ്ധതി ഉണ്ടാകണം. ഇതിനു തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.