കൊടകര കുഴൽപ്പണ കേസ് : കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും

0
73

 

കൊടകര കുഴൽപ്പണ കേസിൽ കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും. ബി.ജെ.പി നേതാക്കൾ പണവും ഫോണും നൽകിയതിനാലാണ് നാമനിർദേശ പത്രിക പിൻവലിച്ചതെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു.

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കുന്ന സംഘവും കെ. സുന്ദരയിൽ നിന്നും മൊഴി എടുക്കുമെന്ന് സൂചന. എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സുന്ദരയുടെയും വി.വി രമേശന്റെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി.

കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സുനിൽ നായക്കിനും സംഭവത്തിൽ പങ്കുള്ളതായുള്ള വിവരങ്ങൾ പുറത്ത് വന്നു. മാർച്ച് 21ന് ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി പണം നൽകിയെന്നാണ് സുന്ദര പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.