സി കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണം തെറ്റാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദം പൊളിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാൽ, സുരേന്ദ്രന്റെ ഈ വാദം പൊളിക്കുന്ന തെളിവുകൾ പ്രസീത പുറത്തുവിട്ടു. പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവന്നത്. സുരേന്ദ്രന്‍റെ വാദത്തെ പൂർണമായും പൊളിച്ചടുക്കുന്നതാണ് വാട്സ്ആപ് സന്ദേശങ്ങള്‍.
ഇതോടെ സി കെ ജാനുവിന് പണം കൈമാറുന്നതിന് ഇടനിലക്കാരിയായി സുരേന്ദ്രനുമായി സംസാരിച്ചത് പ്രസീതയാണെന്ന് വ്യക്തമായി തെളിക്കുന്നതാണ് ചാറ്റുകള്‍. ഫെബ്രുവരി 24, 26 എന്നീ ദിവസങ്ങളില്‍ നടത്തിയ ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടാണ് പുറത്തുവന്നത്. എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനുവിന് സുരേന്ദ്രന്‍ പത്തുലക്ഷം നല്‍കിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തൽ.
സുരേന്ദ്രന്റെ കൈയില്‍നിന്ന് തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് ജാനു പണം വാങ്ങിയെന്നും കൂടാതെ തെരഞ്ഞെടുപ്പ് ചെലവിന് ലഭിച്ച തുകയും വ്യക്തിഗത ആവശ്യത്തിനായി വകമാറ്റിയെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. ജാനുവുമായി സംസാരിക്കണമെന്നും തിരുവനന്തപുരത്ത് വന്നാൽ നേരൊറ്റ പത്ത് ലക്ഷം രൂപ നൽകാമെന്നും സുരേന്ദ്രൻ സമ്മതിക്കുന്നതിന്റെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുലർത്തുവന്നിരുന്നു.