Friday
19 December 2025
31.8 C
Kerala
HomeKeralaപതിനൊന്ന് മുതിർന്ന പോലീസ് ഓഫീസർമാർ തിങ്കളാഴ്ച്ച വിരമിക്കുന്നു

പതിനൊന്ന് മുതിർന്ന പോലീസ് ഓഫീസർമാർ തിങ്കളാഴ്ച്ച വിരമിക്കുന്നു

 

എട്ട് ഐ.പിഎസ് ഓഫീസർമാർ ഉൾപ്പെടെ 11 മുതിർന്ന പോലീസ് ഓഫീസർമാർ തിങ്കളാഴ്ച്ച സർവ്വീസിൽ നിന്ന് വിരമിക്കും. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി എസ്.സുരേന്ദ്രൻ, പബ്ലിക്ക് ഗ്രീവൻസസ് എ.ഐ.ജി സേവ്യർ റ്റി.എഫ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് എസ്.പി സാബു.പി.എസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് എസ്.പി ആർ.സുകേശൻ, റെയിൽവെ എസ്.പി എസ്.രാജേന്ദ്രൻ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻറേണൽ സെക്യൂരിറ്റി എസ്.പി രതീഷ് കൃഷ്ണൻ, ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി വി.അജിത്ത്, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി രാജു.എ.എസ്, കേരള പോലീസ് അക്കാഡമി അസിസ്റ്റൻറ് ഡയറക്ടർ സി.വി.പാപ്പച്ചൻ എന്നിവരാണ് വിരമിക്കുന്നത്.

വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനായി നടത്തിയ ചടങ്ങിൽ യാത്രയയപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിർന്ന ഉദ്യോഗസ്ഥരും ഓൺലൈനായി പങ്കെടുത്തു.

എ.ഡി.ജി.പി ഇ.ജെ.ജയരാജ് 1983 ൽ അസിസ്റ്റൻറ് കമാണ്ടൻറായാണ് പോലീസിൽ ചേർന്നത്. വിവിധ ബറ്റാലിയനുകളിൽ കമാണ്ടൻറായും മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായും ജോലി ചെയ്തു. ബറ്റാലിയൻ ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്, ബറ്റാലിയൻ ഐ.ജി, ലീഗൽ മെട്രോളജി കൺട്രോളർ, ലോട്ടറി ഡയറക്ടർ, കോസ്റ്റൽ സെക്യൂരിറ്റി എ.ഡി.ജിപി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ ശ്രീലത (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്) മക്കൾ ആതിര, അമിത് രാജ്.

1988 ൽ സർക്കിൾ ഇൻസ്പെക്ടറായി പോലീസിൽ പ്രവേശിച്ച എസ്.സുരേന്ദ്രൻ 1998 ൽ ഡിവൈ.എസ്.പിയും 2006ൽ എസ്.പിയും ആയി. 2012 ൽ ഐ.പി.എസ് ലഭിച്ച അദ്ദേഹം കാസർഗോഡ്, കൊല്ലം റൂറൽ, ആലപ്പുഴ ജില്ലകളിൽ ജില്ലാ പോലീസ് മേധാവിയായും ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി കമ്മീഷണറായും തൃശ്ശൂർ ഡി.ഐ.ജിയായും പ്രവർത്തിച്ചു. ഭാര്യ ബിന്ദുലേഖ. മകൾ നൂപുര.

1987 ൽ സബ് ഇൻസ്പെക്ടറായി സർവ്വീസ് ആരംഭിച്ച റ്റി.എഫ്.സേവ്യറിന് 1997 ൽ സർക്കിൾ ഇൻസ്പെക്ടറായും 2005 ൽ ഡിവൈ.എസ്.പിയായും 2013 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി, കെ.എസ്.സി.ഡി.സി മാനേജിംഗ് ഡയറക്ടർ, എസ്.എ.പി കമാണ്ടൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018 ൽ ഐ.പി.എസ് ലഭിച്ചു. ഭാര്യ ഐറിസ് സേവ്യർ. മക്കൾ ഡെറിക്ക്, ഡോ.ഡാനിയ.

1987 ൽ സബ് ഇൻസ്പെക്ടറായ പി.എസ്.സാബുവിന് 1996 ൽ ഇൻസ്പെക്ടറായും 2006 ൽ ഡിവൈ.എസ്.പിയായും 2013 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. എൻ.ആർ.ഐ സെൽ, സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പാലക്കാട്, കോട്ടയം, കാസർഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായും പി.എസ്.സി വിജിലൻസ് ഓഫീസറായും പ്രവർത്തിച്ചു. 2018 ൽ ഐ.പി.എസ് ലഭിച്ചു. റാന്നി സ്വദേശിയായ അദ്ദേഹത്തിൻറെ ഭാര്യ ആശ. മക്കൾ ജയലക്ഷ്മി, കണ്ണൻ.

കിളിമാനൂർ പോങ്ങനാട് സ്വദേശിയായ ആർ.സുകേശൻ 1987 ൽ സബ് ഇൻസ്പെക്ടറായി
പോലീസിൽ ചേർന്നു. 1997 ൽ ഇൻസ്പെക്ടറായും 2006 ൽ ഡിവൈ.എസ്.പിയായും 2014 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. 2018 ൽ ഐ.പി.എസ് ലഭിച്ചു. പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ, കൺസ്യൂമർ ഫെഡ് എം.ഡി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ സുമം (ഗ്രാമവികസന വകുപ്പ്). രണ്ടു മക്കൾ.

തിരുവനന്തപുരം പൂവാർ സ്വദേശിയായ എസ്.രാജേന്ദ്രൻ 1987 ലാണ് സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചത്. 1998 ൽ ഇൻസ്പെക്ടറായും 2007 ൽ ഡിവൈ.എസ്.പിയായും 2014 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. സംസ്ഥാന വനിതാ സെൽ, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയിരുന്നു. 2020 ൽ ഐ.പി.എസ് ലഭിച്ചു. ഭാര്യ അജന്ത (ടീച്ചർ). മക്കൾ ആതിര, ഐശ്വര്യ, രാഹുൽ.

തൊടുപുഴ സ്വദേശിയായ രതീഷ് കൃഷ്ണൻ 1988 ബാച്ചിൽ സബ് ഇൻസ്പെക്ടർ ആണ്. 1999 ൽ ഇൻസ്പെക്ടറായും 2007 ൽ ഡിവൈ.എസ്.പിയായും 2015 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പിയായും കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാൻഡൻറായും സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ എസ്.പിയായും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ ആയും പ്രവർത്തിച്ചു. 2020 ൽ ഐ.പി.എസ് ലഭിച്ചശേഷം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് എസ്.പിയായി നിയമിതനായി.

തൊടുപുഴ സ്വദേശിയായ ടോമി സെബാസ്റ്റ്യൻ 1989 ലാണ് സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചത്. 2000 ൽ ഇൻസ്പെക്ടറായും 2007 ൽ ഡിവൈ.എസ്.പിയായും 2015 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് സൗത്ത് സോൺ എസ്.പിയായും സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ആയും പ്രവർത്തിച്ചു.

ഐ.പി.എസ് ലഭിച്ചശേഷം എറണാകുളം ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി, കൊച്ചി സിറ്റി, എറണാകുളം റൂറൽ, കോട്ടയം, തിരുവനന്തപുരം റൂറൽ, തൃശ്ശൂർ എന്നീ ജില്ലകളിലും പ്രവർത്തിച്ചു. ഭാര്യ ലിനി ടോമി. മക്കൾ ഡോ.രാഹുൽ ടോമി, രേഷ്മ ടോമി.

1995 ൽ സബ് ഇൻസ്പെക്ടറായി സർവീസ് ആരംഭിച്ച വി.അജിത്തിന് 2002 ൽ ഇൻസ്പെക്ടറായും 2008 ൽ ഡി.വൈ.എസ്.പിയായും തുടർന്ന് എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് സൗത്ത് സോൺ എസ്.പി, ഭീകരവിരുദ്ധ സേന എസ്.പി, ശ്രീപത്മനാഭസ്വാമിക്ഷേത്രം ചീഫ് സെക്യൂരിറ്റി ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ മിനി (ടീച്ചർ). രണ്ടുമക്കൾ.

പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശിയായ എ.എസ്.രാജു 1995 ൽ സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. 2002 ൽ ഇൻസ്പെക്ടറായും 2008 ൽ ഡിവൈ.എസ്.പിയായും 2017 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ആസ്ഥാനത്ത് എസ്.പി ആയിരുന്നു. ഭാര്യ രാധിക (ടീച്ചർ). മക്കൾ അഭിറാം, അനിരുദ്ധ്.

ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ച ഫുട്ബോൾ താരമായ സി.വി.പാപ്പച്ചൻ ആംഡ് പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി 1985 ലാണ് ജോലിയിൽ പ്രവേശിച്ചത്. കെ.എ.പി അഞ്ചാം ബറ്റാലിയൻ, മൂന്നാം ബറ്റാലിയൻ, ഒന്നാം ബറ്റാലിയൻ, ഐ.ആർ. ബറ്റാലിയൻ, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ദീർഘകാലം കേരള പോലീസ് ടീമിൻറെ ക്യാപ്റ്റനായിരുന്നു.

എട്ടു വർഷം തുടർച്ചയായി സന്തോഷ് ട്രോഫി ടൂർണ്ണമെൻറിൽ കളിച്ചു. കാലിക്കറ്റ് നെഹ്റു കപ്പ് ഇൻറർനാഷണൽ ഫുട്ബോൾ ടൂർണമെൻറ്, നെഹ്റു ഗോൾഡ് കപ്പ് ടൂർണമെൻറ്, പ്രീ വേൾഡ് കപ്പ്, ബ്രിസ്റ്റോൾ ഫെഡറേഷൻ കപ്പ്, സൗത്ത് ഏഷ്യൻ ഫെഡറേഷൻ കപ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2017 ൽ നാഗാലാൻഡിൽ നടന്ന ഡി.എൻ.മല്ലിക് സ്മാരക ഓൾ ഇന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് ടീമിൻറെ മാനേജരും ചീഫ് കോച്ചുമായിരുന്നു.

കേരള പോലീസ് ജൂഡോ ടീമിൻറെ മാനേജർ എന്ന നിലയിൽ ഡൽഹിയിലും കട്ടക്കിലും നടന്ന ഓൾ ഇന്ത്യ പോലീസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൻറെ പ്രകടനത്തിന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments