സുബോധ് കുമാർ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു

0
50

സിബിഐയുടെ പുതിയ ഡയറക്ടറായി മഹാരാഷ്ട്ര മുൻ ഡിജിപി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം.

ലോക്സഭാ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. 1985 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ ജയ്സ്വാൾ, ഇപ്പോൾ സി.ഐ.എസ്.എഫ്. മേധാവിയായി സേവനം അനുഷ്ഠിക്കുകയാണ്.

മുംബൈ പോലീസ് കമ്മീഷണർ, മഹാരാഷ്ട്ര ഡിജിപി എന്നീ പദവികൾ നേരത്തെ വഹിച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.