സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ അന്തിമതീർപ്പ് വരുന്നതിന് മുമ്പ്. വിവാദമുണ്ടാക്കാനും അതുവഴി രാഷ്ട്രീയ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കാനുമുള്ള യു.ഡി.എഫ് നേതൃത്വത്തിെൻറ തറവേല ആശയദാരിദ്യ്രം നേരിടുന്ന ഒരു മുന്നണിയുടെ പരിഹാസ്യമായ അഭ്യാസങ്ങളാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദങ്ങളാണ് തങ്ങൾക്കനുകൂലമായ വിധിയെഴൂത്തിന് നിദാനമായതെന്ന് വിലയിരുത്തലിെൻറ പുറത്താണ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയം പൊടിതട്ടി പുറത്തെടുക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്. ആ ചൂണ്ടയിൽ കൊളുത്താൻ മാത്രം വിഡ്ഡികളല്ല എൽ.ഡി.എഫ് നേതൃത്വം. ശബരിമല വിഷയത്തിൽ തങ്ങൾ നിയമനിർമാണം നടത്തുമെന്ന് പറഞ്ഞ് വിശ്വാസികളെ മുഴവൻ മണ്ടന്മാരാക്കാമെന്ന് കരുതുന്നത് യു.ഡി.എഫ് നേതൃത്വത്തിെൻറ ആശയപ്പാപ്പരത്തമാണ് വെളിവാക്കുന്നത്.
ചെന്നിത്തല ചോദിക്കുന്ന അന്തസ്സാരം കെട്ട ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൽ.ഡി.എഫിെൻറ ജോലി. പരമോന്നത നീതിപീഠത്തിെൻറ തീർപ്പ് തങ്ങൾ മാനിക്കില്ലെന്നും തന്ത്രിയാണ് അന്തിമവാക്ക് എന്നും സുപ്രീംകോടതിയെ ബോധിപ്പിക്കാൻ ശബരിമല നിയമത്തിെൻറ കരട് തയാറാക്കിയ മുൻ പ്രോസിക്യൂഷൻ ജനറൽ കൂടിയായ അഡ്വ. ആസഫ് അലി തയാറാണോ എന്ന് വ്യക്തമാക്കണം. അഞ്ചുവർഷം സംസ്ഥാനം ഭരിച്ച സർക്കാരിന് എതിരെ എന്ത് ആരോപണങ്ങൾ ഉന്നയിച്ചാലും ജനത്തിനിടയിൽ അത് വിലപ്പോവില്ലെന്ന ഉത്തമ വിശ്വാസമാണ് ചെന്നിത്തലയെ കൊണ്ട് വിഡ്ഡി വേഷങ്ങൾ കെട്ടിക്കുന്നതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.