രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന നേപ്പാളിൽ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി വീണ്ടും പാർലമെന്റ് പിരിച്ചുവിട്ടു. നവംബർ 12നും 19നുമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി കെ പി ശർമ ഒലിക്കും നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷേർ ബഹദൂർ ദ്യൂബ നയിക്കുന്ന പ്രതിപക്ഷസഖ്യത്തിനും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് ഇതെന്നാണ് വിശദീകരണം. എന്നാൽ, പ്രസിഡന്റിന്റെ നടപടി ഭരണാഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാർടികൾ പ്രഖ്യാപിച്ചു.
നേപ്പാൾ ഭരണഘടന ആർട്ടിക്കിൾ 76(7) അനുസരിച്ചാണ് സഭ രണ്ടാം തവണയും പിരിച്ചുവിട്ടത്. നിയമിതനാകുന്ന പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ, അല്ലെങ്കിൽ ഏതെങ്കിലും അംഗത്തെ പ്രധാന മന്ത്രിയായി നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ രാഷ്ട്രപതി സഭ പിരിച്ചുവിട്ട് ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം.
ശർമ ഒലിയെയോ നേപ്പാളി കോൺഗ്രസ് പ്രസിഡന്റിനെയോ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്ന് ബിദ്യാ ഭണ്ഡാരി വ്യക്തമാക്കിയതിന് പിന്നാലെയാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സഭ പിരിച്ചുവിട്ടത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.