മുംബൈ ബാർജ് അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു

0
29

 

മുംബൈ ബാർജ് അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂർ, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. ഇതോടെ ബാർജ് അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം ഏഴ് ആയി.

സുരേഷ് കൃഷ്ണന്റെ മൃതദേഹം ഇന്ന് മുംബൈയിൽ സംസ്‌കരിക്കും. പി 305 ബാർജിലെ മാത്യൂസ് അസോസിയേറ്റ് കോൺട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരായിരുന്നു സുരേഷ്. 22 വർഷം ഈ സ്ഥാപനത്തിൽ ജോലി ചെയ്തു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സുരേഷ് കൃഷ്ണൻ മരിച്ചത്. മരിച്ച സനീഷ് ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

അപകടത്തിൽ ഇതുവരെ 70 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി മുംബൈ പൊലീസ് ഡിഎൻഎ പരിശോധന ആരംഭിച്ചു. അപകടത്തിൽ പെട്ട പി 305 ബാർജ്, വരപ്രദ ടഗ് ബോട്ട് എന്നിവയിൽ നിന്നായി ഇനിയും 14 പേരെ കണ്ടെത്താനുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ നടത്തിയ തെരച്ചിലിൽ മുങ്ങിയ പി 305 ബാർജ് കണ്ടെത്തി. നാവിക സേനയുടെ ഐ എൻ എസ് മഗർ കപ്പല്ഡ സോണാർ സാങ്കേതിക സംവിധാനം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കടലിന്റെ അടിത്തട്ടിൽ ബാർജിന്റെ സ്ഥാനം തിരിച്ചറിഞ്ഞത്.