സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു

0
56

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു. 95 വയസായിരുന്നു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മെയ് ഒമ്പതിനാണ് സുന്ദർലാൽ ബഹുഗുണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങളും മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലോകത്തെ ഏറെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണ 1970 കളിലാണ് ചിപ്‌കോ പ്രസ്ഥാനത്തിൽ അംഗമായത്. ഗാന്ധിയന്‍ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവ ജീവിതത്തിൽ പ്രവർത്തികമാക്കിയ പ്രമുഖൻ കൂടിയാണ് അദ്ദേഹം. ചിപ്‌കോ പ്രസ്ഥാനത്തിലൂടെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ഏറ്റെടുത്തു. 1980 മുതല്‍ 2004 വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു. 2009 ൽ രാജ്യം പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.