പകര്‍ച്ചവ്യാധി പ്രതിരോധം: കേരളം സജ്ജം- മന്ത്രി കെ കെ ശൈലജ

0
47

ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവായി ആള്‍ക്കാര്‍ കഴിയുന്ന കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് കാരണമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധികളും മറ്റും തടയാന്‍ വളരെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമാണ് നമ്മളിപ്പോള്‍ ഉയര്‍ത്തുന്നത്. എല്ലാ വര്‍ഷവും അതതു വര്‍ഷത്തെ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ചാര്‍ട്ട് ചെയ്ത് കൃത്യമായി സമയബന്ധിതമായി ഓരോ ദിവസവും ചെയ്യേണ്ട നിശ്ചയിച്ച് മുന്നോട്ട് പോയിട്ടുണ്ട്. അതിന് നല്ല ഫലവും ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനും കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മേയ് 16 ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിക്കുകയാണ്. ഒരു ദിവസം മാത്രം ഡ്രൈ ഡേ ആചരിക്കുന്നതിന് പകരം ഇടയ്ക്കിടെ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനം. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുക എന്നതാണ് ഉദ്ദേശം. സാധാരണ ശുചീകരണത്തിനൊപ്പം ക്ലോറിനേഷനും തുടരണം. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടാകണം.
പ്ലാന്റേഷന്‍ മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉടമകളുടെയും തൊഴിലാളികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെള്ളപ്പൊക്കമുള്ളപ്പോഴും മഴക്കാലത്തും എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുമെന്നതിനാല്‍ വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് പ്രത്യേകിച്ച് ശുചീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്നും തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പാക്കണം. അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ശുചിത്വം ഉറപ്പാക്കുവാനും പകര്‍ച്ചവ്യാധി നിരീക്ഷണം ഊര്‍ജ്ജിതമാക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, വിവിധ ഡിഎംഒമാർ, ഡിഎസ്ഒ., വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.