കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ രോഗമില്ലാതാക്കാൻ ഹിന്ദു ആചാരമായ യാഗം നടത്തിയാൽ മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂർ.
‘നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ നാലു ദിവസം നീണ്ടുനിൽക്കുന്ന യാഗം നടത്തണം. യാഗ്ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ പൂർവ്വികർ മഹാമാരിയെ തടുക്കാൻ ഇതൊക്കെയാണ് ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താൽ പിന്നെ കൊറോണയൊക്കെ ഇന്ത്യയിൽ നിന്ന് പമ്പ കടക്കും’- ഉഷ താക്കൂർ പറഞ്ഞു.
ഇൻഡോറിലെ ദേവി അഹല്യാഭായി എയർപോർട്ടിൽ മുമ്പ് പൂജ നടത്തിയ വ്യക്തിയാണ് ഉഷ താക്കൂർ. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവർ പൂജ നടത്തിയത്. എയർപോർട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൊറോണയെ തുരത്താനെന്ന രീതിയിലാണ് എയർപോർട്ടിൽ പൂജ സംഘടിപ്പിച്ചത്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങിൽ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട്, താൻ എന്നും ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.