രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഓരോദിവസവും പുതിയ റിക്കാർഡ് സൃഷ്ടിച്ച് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളേക്കാൾ 19,794 കേസുകളാണ് ഇന്ന് അധികമായി റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 2,95,041 പുതിയ കേസുകളും ചൊവ്വാഴ്ച 2.59 ലക്ഷം പുതിയ കോവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കോവിഡ്- 19ൻറെ തുടക്കം മുതലുള്ള ചരിത്രത്തിലാദ്യമായി ഇന്ന് രോഗികളുടെ പ്രതിദിന എണ്ണം മൂന്നു ലക്ഷം കടക്കുകയും ചെയ്തു. ഇതോടെ ലോകത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തി. അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
ഇന്ന് രാജ്യത്ത് 2,104 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,84,657 ആയി. ഇന്ത്യയിലെ ആകെ കോവിഡ് രോഗികൾ 1,59,30,965 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 22,91,428 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.