സൺറൈസേഴ്സ് ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ. ഹൈദരാബാദിനെ 13 റൺസിന് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തി. മുംബൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.4 ഓവറിൽ 137 റൺസിന് ഓൾഔട്ട് ആയി.
ട്രെൻഡ് ബോൾട്ടും ബുംമ്രയും രാഹുൽ ചാഹറും ചേർന്നാണ് ഹൈദരാബാദിൻറെ വിജയം തടഞ്ഞത്. മധ്യ ഓവറുകളിൽ ചാഹർ വരിഞ്ഞുമുറുക്കിയപ്പോൾ ബോൾട്ടും ബുംമ്രയും അവസാന ഓവറുകളിൽ ഹൈദരാബാദിനെ എറിഞ്ഞിട്ടു. ഹൈദരാബാദിൻറെ അവസാന ആറു വിക്കറ്റുകൾ എട്ടു റൺസ് എടുക്കുന്നതിനിടെ നഷ്ടമായി.
ഓപ്പണർമാരായ ഡേവിഡ് വാർണറും (36) ജോണി ബെയർസ്റ്റോയും (43) മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. വിജയശങ്കർ (28) പ്രതീക്ഷ നൽകിയെങ്കിലും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ചാഹർ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബോൾട്ട് മൂന്നും ബുംമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.
ക്വിൻറൻ ഡി കോക് (40), രോഹിത് ശർമ (32), കീറൻ പൊള്ളാർഡ് (35) എന്നിവരുടെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഡി കോക്ക്- രോഹിത് സഖ്യം മികച്ച തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. ഇരുവരും ചേർന്ന് 55 റൺസ് സ്കോർ ചെയ്തു.