Thursday
18 December 2025
21.8 C
Kerala
HomeKeralaതൃശൂർ പൂരം കൊടിയേറ്റം ഇന്ന്

തൃശൂർ പൂരം കൊടിയേറ്റം ഇന്ന്

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും.

ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തുക. അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും.

ഘടകക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. പാറമേക്കാവിൽ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും.

തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരമുയർത്തുക. പകൽ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.

പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരമൊരുക്കും. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരമുയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റശേഷം എഴുന്നള്ളിപ്പ് തുടങ്ങും. ഗജവീരൻ പത്മനാഭൻ കോലമേന്തും. വടക്കുന്നാഥനിലെ കൊക്കർണിയിലാണ് ആറാട്ട്.

തൃശൂർ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർത്യായനീ ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും ശനിയാഴ്‌ചതന്നെ വിവിധ സമയങ്ങളിൽ കൊടിയേറ്റം നടത്തും. ഏപ്രിൽ 23നാണ് തൃശൂർ പൂരം.

 

 

RELATED ARTICLES

Most Popular

Recent Comments