കുംഭമേള: ‘മഹാ നിർവാണി അഘാര’യുടെ മേധാവി കോവിഡ് ബാധിച്ച് മരിച്ചു

0
31

മധ്യപ്രദേശിലെ സന്യാസി സമൂഹം ‘മഹാ നിർവാണി അഘാര’യുടെ മേധാവി (മഹാമണ്ഡലേശ്വർ) സ്വാമി കപിൽ ദേവ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ രോഗബാധയെ തുടർന്ന് ഡെറാഡൂമിലെ കൈലാഷ് ആശുത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർക്ക് കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ 10 മുതൽ 14 വരെ നടന്ന കുംഭമേള സ്നാനങ്ങളിൽ ദശലക്ഷങ്ങളാണ് പങ്കെടുത്തത്. ബഹുഭൂരിപക്ഷവും മാസ്‌ക് ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്തില്ല. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തേരി, ഡെറാഡൂൺ ജില്ലകളിലായാണ് കുംഭമേള നടക്കുന്നത്.

ഗംഗയുടെ അനുഗ്രഹം, കോവിഡ് ഉണ്ടാകില്ല: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കുംഭമേളയെ ഡൽഹിയിൽ കഴിഞ്ഞവർഷം നടന്ന തബ്ലീഗി സമ്മേളനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് പറഞ്ഞു. വിദേശികൾ അടച്ചിട്ട ഹാളിൽ ഒത്തുചേർന്നാണ് തബ്ലീഗി സമ്മേളനം നടത്തിയത്.

എന്നാൽ, കുംഭമേളയിൽ പങ്കെടുക്കുന്നത് ഇന്ത്യക്കാരാണ്. ഗംഗയിൽ പരസ്യമായാണ് അവർ സ്നാനം നടത്തുന്നത്. ഗംഗയുടെ അനുഗ്രഹമാണ് ഒഴുകുന്നത്. അതിനാൽ കോവിഡ് ഉണ്ടാകില്ല. ആരോഗ്യത്തിന് മുൻഗണന നൽകുമ്പോഴും വിശ്വാസം അവഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.