ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സ്റ്റാർലിങ്ക് പൂർണസജ്ജമാണെന്ന് ഇലോൺ മസ്ക്

0
86

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്ക് പൂർണസജ്ജമാണെന്ന് ഇലോൺ മസ്ക്. ഉപഗ്രഹ ഇന്റർനെറ്റിനായി സ്പെക്‌ട്രം നേരിട്ടുലഭ്യമാക്കുമെന്ന കേന്ദ്ര വാർത്താവിതരണമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് മസ്ക് എക്സിൽ കുറിച്ചതാണ് ഇക്കാര്യം. ഉപഗ്രഹ സ്പെക്‌ട്രം നൽകുന്നതിൽ കൂടുതൽ വ്യക്തതവരുത്തിയതിൽ സർക്കാരിന് നന്ദിപറയുന്നതായും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

ടെലികോം സ്പെക്‌ട്രംപോലെ ഉപഗ്രഹ സ്പെക്‌ട്രവും ലേലത്തിലൂടെ നൽകണമെന്നാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ മിത്തലിന്റെ ഭാരതി എയർടെലും ആവശ്യപ്പെടുന്നത്. എന്നാൽ, ടെലികോം നിയമപ്രകാരം ഉപഗ്രഹ സ്പെക്‌ട്രം ലേലംചെയ്യാനാകില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. അത് ഭരണതലത്തിൽ നേരിട്ടുനൽകാനേ കഴിയൂ. ഉപഗ്രഹ സ്പെക്‌ട്രം പരസ്പരം സഹകരിച്ചാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും പ്രത്യേകം വില നിർണയിച്ചുനൽകാനാകില്ല. അതേസമയം, സ്പെക്‌ട്രം നേരിട്ടുനൽകുമെന്നു പറയുന്നതിലൂടെ സൗജന്യമായി നൽകുമെന്ന് അർഥമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതിനുള്ള രീതി ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയാകും തീരുമാനിക്കുക. ലോകവ്യാപകമായി ഉപഗ്രഹ സ്പെക്‌ട്രം ഭരണതലത്തിൽ നേരിട്ടുനൽകുന്ന രീതിയാണുള്ളത്. ഇന്ത്യക്ക് ഇക്കാര്യത്തിൽ മാറിനിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർതീരുമാനത്തെ ഇന്ത്യൻ സ്പേസ് അസോസിയേഷനും പിന്തുണച്ചിട്ടുണ്ട്.