കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

0
76

കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളാ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് വന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഏപ്രിൽ 30ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അന്ന് തന്നെ വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. സൂക്ഷ്മപരിശോധന ഏപ്രിൽ 21ന് നടക്കും. ഏപ്രില്‌‍ 23 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം.